വിട്ടുപിരിഞ്ഞത് ഉത്തമ പോരാളി -കേളി
text_fieldsറിയാദ്: അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വിയോഗം അടങ്ങാത്ത വേദനയാണെന്ന് കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
1994 ൽ അന്നത്തെ കേരള സർക്കാർ നടത്തിയ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിനും പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ കോഴ നിയമനങ്ങൾക്കുമെതിരെ നടന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് നേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിർത്തതിനെ തുടർന്നാണ് അഞ്ചു ജീവനുകൾ പൊലിയുകയും പുഷ്പന്റെ നിത്യ കിടപ്പ് രോഗിയായി മാറ്റുകയുമായിരുന്നു.
കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായല്ലാതെ പുഷ്പനെ നാട് കണ്ടിട്ടില്ല. നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്. വെടിയേറ്റ് പൂര്‍ണമായി കിടപ്പായിട്ടും ഇത്രയും നാള് ജീവിച്ചിരുന്ന മറ്റൊരാൾ പുഷ്പനല്ലാതെ കേരളത്തിലില്ല.
ഭരണകൂട ഭീകരതയുടെ അടയാളമായി 30 വര്‍ഷത്തോളം അദ്ദേഹം തളര്‍ന്നുകിടന്നു. സ്വാർഥമോഹങ്ങളില്ലാതെ നാടിനുവേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു പുഷ്പനെ നയിച്ചിരുന്നത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു പുഷ്പന്റേത്.
24ാം വയസ്സിൽ ഭരണകൂടം തല്ലിക്കെടുത്തിയ ഈ വിപ്ലവകാരിയുടെ ജീവിതം പുതുതലമുറക്ക് എന്നും പഠനവിധേയമാക്കാൻ ഉതകുന്നതാണെന്നും കേളി സെക്രട്ടേറിയറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.