ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ
text_fieldsറിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ നിർമിക്കുന്നു. സ്റ്റേഡിയത്തിന്റെയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും ഡിസൈനുകൾ റിയാദ് സിറ്റി റോയൽ കമീഷനും കായിക മന്ത്രാലയവും ചേർന്ന് പുറത്തുവിട്ടു. നഗരത്തിന്റെ വടക്കുഭാഗത്ത് കിങ് സൽമാൻ റോഡിന്റെ വശത്ത് നിർദിഷ്ട കിങ് അബ്ദുൽ അസീസ് പാർക്കിനോട് ചേർന്നാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. സൗദി ദേശീയ ഫുട്ബാൾ ടീമിന്റെ ആസ്ഥാനവും പ്രധാന കായിക മത്സരങ്ങളുടെ വേദിയുമായി മാറും ഈ സ്റ്റേഡിയം.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നോർത്ത് റെയിൽവേ സ്റ്റേഷനും വളരെ അടുത്തായിരിക്കും. നഗരത്തിലെ പ്രധാന ഹൈവേകളോടും ചേർന്ന് സുപ്രധാന സ്ഥാനത്താണ് സ്റ്റേഡിയം ഒരുങ്ങുക. ഇതോടെ നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. നിർമാണം ഉടൻ ആരംഭിക്കും.
2029 അവസാന പാദത്തിൽ പൂർത്തിയാകും. ‘ഫിഫ’യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നിർമാണം. ഏറ്റവും ആധുനികവും ആകർഷകവുമായ വാസ്തുവിദ്യാ ശൈലിയിലാണ് രൂപകൽപന. ആറ് അന്താരാഷ്ട്ര കമ്പനികൾ സമർപ്പിച്ച നിരവധി ഡിസൈനുകളിൽ നിന്നാണ് ഏറ്റവും ഉചിതമായത് തിരഞ്ഞെടുത്തത്. പർവതനിരകളാൽ ചുറ്റപ്പെട്ട റിയാദിന്റെ ഭൂപ്രകൃതിയെ പ്രതീകവത്കരിക്കുന്നതാണ് ഡിസൈൻ.
ആകെ ഹരിതമയം
കിങ് അബ്ദുൽ അസീസ് പാർക്കും സ്റ്റേഡിയവും തമ്മിൽ ഹരിത ഇടങ്ങളാൽ ബന്ധിപ്പിക്കും. 96,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിന്റെ ഭിത്തികളും മേൽക്കൂരയും പച്ചപ്പുല്ല് പൊതിഞ്ഞ രൂപത്തിലായിരിക്കും. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതും പ്രകൃതി സൗഹൃദപരവുമായിരിക്കും.
കെട്ടിടങ്ങളെല്ലാം ഹരിതസസ്യങ്ങളാൽ പൊതിഞ്ഞ നിലയിലായിരിക്കും. റിയാദ് നഗരത്തിലെ ജീവിത നിലവാരം ഉയർത്തുന്നതിനും നഗരത്തെ ലോകോത്തരമാക്കുന്നതിനും ലോകത്ത് ജീവിക്കാൻ അനുയോജ്യമായ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി മാറ്റുന്നതിനും ഈ സ്റ്റേഡിയവും അനുബന്ധമായ പാർക്കും സഹായിക്കും. സ്റ്റേഡിയത്തിന്റെയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും കൂടി ആകെ വിസ്തീർണം 6,60,000 ചതുരശ്ര മീറ്ററിലധികമായിരിക്കും. കൂടാതെ വിവിധ കായികയിനങ്ങളിൽ പരിശീലനത്തിനുള്ള സൗകര്യങ്ങളും സ്ഥാപനങ്ങളും ഈ പദ്ധതിക്ക് കീഴിൽ ഒരുങ്ങും. പുറമെ നിരവധി വാണിജ്യ, വിനോദ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെ ഒരുപോലെ ആകർഷിക്കുന്ന ഒരു വിസ്മയകാഴ്ചയായി മാറും.
വമ്പൻ ഇരിപ്പിട ശേഷി
92,000 ഇരിപ്പിട ശേഷിയായിരിക്കും പ്രധാന സ്റ്റേഡിയത്തിനുള്ളിൽ ഉണ്ടാവുക. 150 റോയൽ സീറ്റുകൾ, 120 സ്യൂട്ടുകൾ, 300 വി.വി.ഐ.പി സീറ്റുകൾ, 2,200 വി.ഐ.പി സീറ്റുകൾ എന്നിവയുടെ ഒരു പ്രത്യേക റോയൽ കാബിനും ഒരുങ്ങൂം. ഗാലറിയിലുൾപ്പടെ ഇരിപ്പിട സൗകര്യമുള്ള എല്ലാ ഭാഗത്തും ശീതീകരണി സംവിധാനത്തിലൂടെ അന്തരീക്ഷം സുഖകരമാക്കും.
സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ മുഴുവൻ ഡിസ്പ്ലേ സ്ക്രീനുകൾ നിറക്കും. സ്റ്റേഡിയത്തിലെ കാഴ്ചകളെല്ലാം അതിലും ഡിസ്പ്ലേ ചെയ്യപ്പെടും. ഇൻഡോർ ഗാർഡനുകൾക്ക് പുറമേ, സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലൂടെ ഒരു നടപ്പാതയും ഒരുക്കും. സന്ദർശകർക്ക് ഇത് അസാധാരണമായ അനുഭവമായിരിക്കും പകരുക. ഇവിടെ നിന്ന് കിങ് അബ്ദുൽ അസീസ് പാർക്കിന്റെ മനോഹര കാഴ്ച ആസ്വദിക്കാനാവും.
വിവിധ സ്പോർട്സ് സൗകര്യങ്ങൾ
സ്റ്റേഡിയത്തോട് ചേർന്ന് വിവിധ സ്പോർട്സ് പരിശീലനങ്ങൾക്കും പ്രകടനത്തിനുമായി നിരവധി സൗകര്യങ്ങൾ ഒരുക്കും. 3,60,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്. രണ്ട് റിസർവ് പരിശീലന മൈതാനങ്ങളാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ ഫാൻസ് പവിലിയനുകൾ, ഇൻഡോർ ജിം, ഒളിമ്പിക്സ് മാനദണ്ഡത്തിലുള്ള നീന്തൽക്കുളം, അത്ലറ്റിക്സ് ട്രാക്ക്, വോളിബാൾ, ബാസ്കറ്റ്ബാൾ, പാഡൽ കോർട്ടുകൾ, ഔട്ട്ഡോർ കളിസ്ഥലങ്ങൾ, വിവിധ കായിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനുള്ള സ്ഥാപനങ്ങൾ എന്നിവ ഈ സമുച്ചയത്തിൽ ഉൾപ്പെടും. എല്ലാ പ്രായക്കാർക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കും.
ഈ സ്ഥാപനങ്ങളെയെല്ലാം കിങ് അബ്ദുൽ അസീസ് പാർക്കിനോട് ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ള സ്പോർട്സ് ട്രാക്കിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പ്രാദേശികമായും ആഗോളതലത്തിലും മത്സരിക്കുകയും കായിക മേഖലകളിൽ മികവ് നേടുകയും ചെയ്യുന്ന ഒരു അത്ലറ്റിക് തലമുറയെ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിൽ കായിക പ്രവർത്തനങ്ങളുടെ പരിശീലനം വർധിപ്പിക്കുന്നതിനും നിർദിഷ്ട സ്റ്റേഡിയവും അനുബന്ധ കായിക സ്ഥാപനങ്ങളും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘വിഷൻ 2030’ന്റെ സ്പോർട്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കായിക വികസനത്തിനൊപ്പം മുന്നേറുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇത് പ്രദാനം ചെയ്യുമെന്നും കരുതുന്നു. സ്പോർട്സ്, വാണിജ്യ സ്ഥാപനങ്ങൾക്ക് വലിയ അന്താരാഷ്ട്ര വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ ഈ സ്റ്റേഡിയം ഉപയോഗപ്പെടുത്താനാവും. നിരവധി നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിലൂടെ സ്വകാര്യ സംരംഭകരും പ്രാദേശിക സമ്പദ്വ്യവസ്ഥയും മെച്ചപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.