കുയിലുകൾ പാടും നായകൾ കുരക്കും, രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്ത രീതി -കെ.പി. നൗഷാദ് അലി
text_fieldsറിയാദ്: കുയിൽ പാടുകയും നായ് കുരക്കുകയും ചെയ്യുന്നത് പോലെ ഓരോ പാർട്ടികൾക്കും അവരവരുടേതായ രീതിയും സംസ്കാരവും ഉണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണപക്ഷ എം.എൽ.എ പി.വി. അൻവർ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങളിൽ കേരളം പുകയുമ്പോഴും പ്രതിപക്ഷത്തിന് നനഞ്ഞ പ്രതികരണമാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിെൻറ മറുപടി. അൻവർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണ്.
അതിലെ സി.പി.എം, ബി.ജെ.പി കൊടുക്കൽ വാങ്ങലുകളുടെ ഡീലുകൾ ആരും നിഷേധിച്ചിട്ടില്ല. പി. ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ അൻവറിനെതിരെ പാർട്ടിപ്രവർത്തകർ തീയാവണമെന്ന ആഹ്വാനമാണ് നടത്തിയിരിക്കുന്നത്. എന്നാൽ ജയരാജൻ നടത്തിയിരിക്കുന്നത് വെറും ലൂസ് ടോക്ക് മാത്രമാണ്. പാർട്ടിയിൽ അദ്ദേഹത്തിന് നിലവിലുള്ള ചീത്തപ്പേര് മാറ്റി മേൽവിലാസം ഉണ്ടാക്കാനുള്ള ശ്രമമായി മാത്രം കണ്ടാൽ മതി.
എം.വി. രാഘവനൊപ്പം ബദൽ രേഖയുണ്ടാക്കാൻ കൂടെനിന്ന ആളുകളിൽ പ്രധാനിയാണ് നിലവിലെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. സമയത്ത് കളംമാറ്റി ചവിട്ടി ഒടുവിൽ രാഘവനെതിരെ തീവ്രശക്തിയായി മാറി. അവസരവാദികളായ നേതാക്കൾ അവസരം ഉപയോഗപ്പെടുത്തുന്നതായി കണ്ടാൽ മതി.
സി.പി.എമ്മിൽനിന്ന് അൻവറിനെതിരെ ഉയരുന്ന ശബ്ദങ്ങളുടെ ലക്ഷ്യം അത് മാത്രമാണ്. സാധാരണ പാർട്ടി പ്രവർത്തകർ അൻവറിനൊപ്പമാണെന്നാണ് കരുതുന്നത്. അൻവറിന്റെ രാഷ്ട്രീയപരിസരത്ത് സി.പി.എമ്മിന് വലിയ സ്വാധീനം ഉണ്ടെന്ന് കരുതുന്നില്ല. അതേസമയം നിലമ്പൂരിലെ സി.പി.എമ്മിലെ ബഹുഭൂരിപക്ഷവും അൻവറിന് ഒപ്പമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസിന്റെ സംഘടന സംവിധാനം ശക്തമാക്കേണ്ടതുണ്ട്.
അതിനായി കഠിനശ്രമം പാർട്ടി നടത്തുകയാണ്. ഇനിയും മുന്നോട്ട് പോകാനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയിച്ചേ പറ്റൂ. ജീവന്മരണ പോരാട്ടമാണ്. ജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസിന് പറ്റില്ല. എൽ.ഡി.എഫിെൻറ രണ്ടാം സർക്കാർ ദുരന്തമായി മാറിയിരിക്കുകയാണ്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ പഞ്ചായത്തിലും നിയമസഭയിലും അതുപോലെ തുടരും.
സാധാരണ ഗതിയിൽ വോട്ടിങ് പാറ്റേൺ മാറാറുണ്ട്. എന്നാൽ ഇത്തവണ പൂർണമായും യു.ഡി.എഫിന് അനുകൂലമാകാനാണ് സാധ്യത -അദ്ദേഹം കൂട്ടിച്ചേർത്തു.റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്.
റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകരും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് ആര്യാടനെന്നും അദ്ദേഹത്തിെൻറ നാമധേയത്തിൽ ഉപകാരപ്രദമായ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ മലപ്പുറം ജില്ല കമ്മിറ്റി ആലോചിക്കുന്നുണ്ടെന്നും പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അബ്ദുല്ല വല്ലാഞ്ചിറ, സലീം കളക്കര, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.