അബഹയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
text_fieldsഅബഹ: ഖമീസ് മുശൈത്ത് പഴയ സനാഇയക്ക് സമീപം വാഹനമിടിച്ച് മരിച്ച ചെന്നൈ സ്വദേശി ഭൂമി ബാലൻ കരുണാകരൻ (34), ഖമീസിൽ മരിച്ച കന്യാകുമാരി സ്വദേശി ജിജിസിംങ്ങ് (50) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഹൈദരാബാദ് സ്വദേശി പീർ ബാഷ ശൈഖിന്റെ (49) മൃതദേഹം ഖമീസിലും ഖബറടക്കി. ഭൂമി ബാലൻ കരുണാകരൻ ഖമീസിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ എട്ടു മാസം മുമ്പാണ് ജോലിക്കെത്തിയത്.
വാഹനപകടത്തിൽ മരിച്ച വിവരം സാമൂഹികപ്രവർത്തകൻ ഹനീഫ് മഞ്ചേശ്വരം അറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെയും നാട്ടുകാരൻ ഫൈസൽ അലിയുടെയും ശ്രമഫലമായാണ് കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചത്. ഭാര്യ: ഫ്ലോറൻസ്. മക്കൾ: ലൊണാർഡോ, കായിലൻ.
ഖമീസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു ജിജി സിങ്ങിനെ. ആറു വർഷമായി ഖമീസിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല.
മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ എട്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ശ്രദ്ധയിൽപ്പെട്ട ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗമായ ഹനീഫ് മഞ്ചേശ്വരം ബന്ധുക്കളെ കണ്ടെത്തി മൃതദേഹം നാട്ടിൽ എത്തിക്കുകയായിരുന്നു. ഭാര്യ: ഷൈനി. മൂന്ന് പെൺമക്കളുണ്ട്.
ഖമീസ് മുശൈത്ത് സനാഇയയിൽ ഹൃദയാഘാതത്തെ തുടർന്നാണ് പീർ ബാഷ ശൈഖ് മരിച്ചത്. 15 വർഷമായി ഇവിടെ ജോലിചെയ്യുന്ന ഇദ്ദേഹം നാട്ടിൽനിന്ന് വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. രണ്ട് വിവാഹത്തിലായി അഞ്ചു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.