വാഹനത്തിൽ മരിച്ച കടക്കൽ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കടക്കൽ സ്വദേശി ബാഹുലേയൻ സുകുമാരന്റെ (59) മൃതദേഹം നാട്ടിലെത്തിച്ചു. 28 വർഷമായി റിയാദിലെ ന്യൂ സനാഇയ്യയിൽ അബൂഹൈദ് ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ബാഹുലേയനെ ബന്ധപ്പെടാൻ കൂട്ടുകാർ ശ്രമിച്ച് കിട്ടാതായതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹം ഓടിക്കുന്ന വാഹനത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ദൂരയാത്രക്ക് ശേഷം വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ബാഹുലേയൻ ഹൃദയാഘാതം മൂലം മരിച്ചതായാണ് നിഗമനം.
ആഗസ്റ്റ് അഞ്ചിന് മരിച്ച ബാഹുലേയന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണത്തെ തുടർന്ന് ബന്ധുക്കൾ വിഷയം മുഖ്യമന്ത്രിയുടെയും നോർക്കയുടെയും ശ്രദ്ധയിൽപ്പെടുത്തി. നോർക ആവശ്യപ്പെട്ടതു പ്രകാരം, റിയാദിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരും ബാഹുലേയന്റെ ബന്ധുവായ പ്രജു, നാട്ടുകാരനായ ഷാഫി എന്നിവരും ചേർന്ന് ഇന്ത്യൻ എംബസിയെക്കൊണ്ട് സമ്മർദം ചെലുത്തിയതിനുശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനി തയാറായത്.
ശമ്പള കുടിശ്ശികയല്ലാതെ 28 വർഷം ജോലി ചെയ്തതിന്റെ മറ്റ് ആനുകൂല്യങ്ങൾ ബാഹുലേയന് നൽകാൻ കമ്പനി അധികൃതർ തയാറായിട്ടില്ല. പ്രവാസം മതിയാക്കി നാട്ടിൽ പോകാൻ തയാറായി നിൽക്കുമ്പോഴാണ് മരണം. ഭാര്യ: മിഷ. മക്കൾ: അക്ഷിത, അഷ്ടമി.
death bahuleyan sukumaran
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.