റിയാദിൽ മരിച്ച പ്രസന്ന കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: രണ്ട് മാസം മുമ്പ് റിയാദിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട തൃശ്ശൂർ മണലൂർ സ്വദേശി പ്രസന്ന കുമാറിന്റെ (63) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് അൽ-ജില്ലയിലെ റൂമിൽ തൂങ്ങി ജീവനൊടുക്കിയ പ്രസന്ന കുമാറിന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്.
32 വർഷത്തോളമായി ഒരു സ്പോൺസറുടെ കീഴിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പ്രസന്നകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്ന് സ്പോൺസറുടെ ഭാഗത്തു നിന്നും സഹകരണം ലഭിക്കാത്തതിനാൽ നാട്ടിലെ കുടുംബം നോർക്കയെ സമീപിക്കുകയായിരുന്നു.
വിഷയത്തിൽ ഇടപെടാൻ നോർക്ക കേളിയോട് അഭ്യർഥിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ സ്പോൺസറെ സമീപിക്കാൻ ശ്രമിച്ചെങ്കിലും കാണാൻ പോലും അദ്ദേഹം തയാറായില്ല. തുടർന്ന് സൗദി പൊലീസിന്റെയും കോടതിയുടെയും സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കുകയും ചെയ്തു.
കേളി അൽ-ഖുവയ്യ യൂനിറ്റ് ജീവകാരുണ്യ വിഭാഗവും മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗവും ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രസന്ന കുമാറിന് ഭാര്യയും ഒരു മകനുമുണ്ട്. ഇന്ത്യൻ എംബസിയുടെ പൂർണ ചെലവിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.