ലഹരിക്ക് അടിമയായ മകൻ കൊലപ്പെടുത്തിയ ശ്രീകൃഷ്ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsശ്രീകൃഷ്ണ ഭൃഗുനാഥ് യാദവ്
ജുബൈൽ: സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവിന്റെ (52) മൃതദേഹം മരണാനന്തര ചടങ്ങുകൾക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദമ്മാമിൽനിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വാരാണസിയിലേക്കും കൊണ്ടുപോയി. കഴിഞ്ഞ ജനുവരിയിലാണ് പ്രവാസിയായ പിതാവിനെ ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. സൗദിയിലെ മുഴുവൻ പ്രവാസികളെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
നാട്ടിൽ പഠിക്കുന്ന മകൻ കുമാർ യാദവ് മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് രക്ഷപ്പെടുത്താനാണ് പിതാവ് ശ്രീകൃഷ്ണ മകനെ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
പിതാവിന്റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതി വിചാരണ കാത്ത് ജയിലിലാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കവും രംഗത്തുണ്ടായിരുന്നു. ഭാര്യ: ഉഷ യാദവ്, പിതാവ്: ഭൃഗുനാഥ്, മാതാവ്: ശകുന്തളാദേവി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.