തെലങ്കാന സ്വദേശിയുടെ മൃതദേഹം റിയാദിൽനിന്ന് ഒന്നര മാസത്തിന് ശേഷം നാട്ടിലയച്ചു
text_fieldsറിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലയച്ചു. തെലങ്കാന മലരം സ്വദേശി ജെട്ടി മല്ലയ്യയാണ് (52) റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ഏപ്രിൽ ആറിന് മരിച്ചത്. കഴിഞ്ഞദിവസം ശ്രീലങ്കന്‍ എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സാംസ്‌കരിച്ചു.
മൃതദേഹം നാട്ടിലയക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ അനുമതി നേരത്തെ ലഭിച്ചിട്ടും ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ അനാസ്ഥ കാരണം തുടർനടപടികള്‍ നീളുകയായിരുന്നു. ജർമൻ ആശുപത്രി മോർച്ചറി വിഭാഗം ഡയറക്ടര്‍ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളന്‍റിയറും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാനുമായ എം. റഫീഖ് പുല്ലൂരിന്‍റെ ഇടപെടലാണ് നടപടികൾ പൂർത്തിയാക്കാൻ സഹായകമായത്.
വെൽഫെയർ വിങ് ഭാരവാഹികൾ ആദ്യം ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചു. പിന്നീട് കമ്പനി അധികൃതരെ സമീപിച്ച് മൃതദേഹം നാട്ടിലയക്കാനുളള നിയമനടപടികള്‍ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്ന് പൊലീസിന്‍റെ സഹായം തേടുകയും എംബസിയുടെ ഇടപെടൽ കൂടി ഉണ്ടാവുകയും ചെയ്തതോടെ കാര്യങ്ങൾ വേഗത്തിലായി.
വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, കൺവീനർമാരായ റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ, ജുനൈദ് താനൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.