അപകട മരണം: യു.പി സ്വദേശിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: ജോലിക്കിടെ അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലിരിക്കെ മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ഉത്തർ പ്രദേശ് ഗോരഖ്പൂർ സ്വദേശി ഗദു കിവാത്തിെൻറ (41) മൃതദേഹമാണ് ഇന്ത്യൻ എംബസിയുടെയും സുമനസുകളുടെയും ഇടപെടലിനാൽ നാട്ടിലെത്തിയത്.
വർഷങ്ങളായി റിയാദ് നഗരപ്രാന്തത്തിലെ തുമാമയിൽ തോട്ടത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഗദു കിവാത്. കഴിഞ്ഞ സെപ്തംബർ ഒമ്പതിന് വർക്ക്‌ഷോപ്പിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ ക്രെയിനിെൻറ ഒരു ഭാഗം ദേഹത്തേക്ക് മറിഞ്ഞു വീണാണ് അപകടമുണ്ടായത്. സംഭവ സമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതും ഗുരുതരമായി പരിക്കേറ്റ് അമിതമായി രക്തസ്രാവമുണ്ടായതും കാര്യങ്ങൾ വഷളാക്കി. ഏറെ വൈകി സംഭവമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇയാൾ ജോലിചെയ്തിരുന്ന കമ്പനിയുടെ അധികൃതരെ സമീപിക്കുകയായിരുന്നു. തൊഴിലുടമയുടെ ഭാഗത്തു നിന്നും അനുകൂലമായ ഇടപെടൽ ഉണ്ടാകാത്തത് നടപടി രണ്ടര മാസത്തോളം വൈകാൻ കാരണമായി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ എംബസി എൻ.ഒ.സി നൽകിയെങ്കിലും സ്പോൺസർ എക്സിറ്റ് അടിക്കാൻ വൈകിക്കുകയായിരുന്നു. തുടർന്ന് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ വിഷയം ഏറ്റെടുക്കുകയും സ്പോണ്സർക്കും കമ്പനിക്കുമെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
നിയമ പോരാട്ടം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നൽകിയ ടിക്കറ്റിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു. റിയാദിൽ നിന്നും ലക്‌നൗവിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് കൊണ്ടുപോയി സംസ്കരിച്ചു.
സ്പോണ്സർക്കും കമ്പനിക്കുമെതിരെയുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം എത്തിച്ചു കൊടുക്കുമെന്നും സിദ്ദിഖ് തുവ്വൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. നടപടികൾക്ക് സിദ്ദിഖ് തൂവ്വൂരിനൊപ്പം കെ.എം.സി.സി കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയവും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.