റിയാദ് സീസൺ അവസാനിച്ചിട്ടും തിരക്കൊഴിയാതെ ബോളീവാർഡ്
text_fieldsറിയാദ്: റിയാദ് സീസണിന്റെ പ്രധാന വേദിയായിരുന്ന ബോളീവാർഡ് സിറ്റിയിലേക്ക് സീസൺ അവസാനിച്ചിട്ടും സന്ദർശകരുടെ ഒഴുക്കിന് കുറവില്ല.
തലസ്ഥാന നഗരിയിലെ പ്രധാന വിനോദനഗരമായി ബോളീവാർഡ് ഇതിനോടകം മാറിക്കഴിഞ്ഞു. സന്ദർശക വിസയിലെത്തുന്ന കുടുംബങ്ങളും ടൂറിസ്റ്റുകളും ആദ്യമെത്തുന്നത് ബോളീവാർഡിലാണ്.
വിവിധ രാജ്യങ്ങളിൽനിന്നും സൗദിയുടെ മറ്റ് പ്രവിശ്യകളിൽനിന്നും വാണിജ്യ ആവശ്യങ്ങൾക്കും ഔദ്യോഗിക മീറ്റിങ്ങുകൾക്കും റിയാദിലെത്തുന്നവരെ ആതിഥേയർ ആദ്യം കൊണ്ടുപോകുന്നത് ബോളീവാർഡിലാണ്. അതിഥികൾക്ക് നഗരത്തിന്റെ സംസ്കാരവും സ്പന്ദനവും രുചികളും കേട്ടറിയാതെ കണ്ടറിയാനുള്ള അവസരം ഒരുക്കലാണ് ബോളീവാർഡ് സന്ദർശനം. സൗദിയുടെ മാറ്റം അപ്രതീക്ഷിതവും അത്ഭുതാവഹവുമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് കോഴിക്കോട് സ്വദേശി അഹമ്മദ് ബഷീർ ഗൾഫ് മാധ്യമത്തോട് പ്രതികരിച്ചു.
മാനസിക ഉല്ലാസവും രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യംവെച്ച് പല രാജ്യങ്ങളിലും ഇത്തരം വിനോദ കേന്ദ്രീകൃത നഗരങ്ങളും പാർക്കുകളുമുണ്ട്. ആ ശ്രേണിയിലേക്ക് സൗദി ഉയരുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്നവർക്കും കുട്ടികൾക്കും ആസ്വദിക്കാൻ കാഴ്ചകളും കലാപ്രകടനങ്ങളും മത്സരങ്ങളുമായി എന്നും സജീവമാണ് നഗരി. വാരാന്ത്യങ്ങളിൽ ഉത്സവാന്തരീക്ഷത്തിൽ ജന്മദദിന ആഘോഷങ്ങൾക്കും വിവാഹ സൽക്കാര പാർട്ടികൾക്കും മറ്റ് ഒത്തുകൂടലുകൾക്കും ബോളീവാർഡ് വേദിയാകുന്നുണ്ട്.
ഇതിനായി ആഡംബര സൗകര്യവും ആഗോള രുചിയുമായി റസ്റ്റാറന്റുകളും വസ്ത്രവും പെർഫ്യൂമും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാൻ പ്രമുഖ ബ്രാൻഡുകളുടെ ഷോപ്പിങ് സെന്ററുകളും നഗരിയിലുണ്ട്. വൈകീട്ട് നാലു മുതലാണ് പ്രവേശന സമയം. ടിക്കറ്റ് മാക്സ് ആപ്പ് വഴി നേരത്തെ ടിക്കറ്റ് സ്വന്തമാക്കണം. 25 സൗദി റിയാലാണ് ടിക്കറ്റ് നിരക്ക്. തവക്കൽന ഇമ്യൂൺ സ്റ്റാറ്റസ് നേടിയവർക്ക് മാത്രമായിരിക്കും അകത്തേക്ക് പ്രവേശനം അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.