ടൂറിസം മേഖലയിലെ നേട്ടങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു
text_fieldsറിയാദ്: ടൂറിസം മേഖലയിൽ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. 2019ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്‌സിലെ 43ാം റാങ്കിൽനിന്നും 33ാം സ്ഥാനത്തേക്ക് സൗദി ഉയർന്നത് വലിയ നേട്ടമാണ്. വിനോദസഞ്ചാര വികസനം സംബന്ധിച്ച് 17 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 117 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന പഠനഫലമാണ് ഈ ഇൻഡക്സ്. അതിലെ റാങ്കിങ്ങിലാണ് സൗദിയുടെ നില ഉയർന്നത്.
കിങ് സൽമാൻ പാർക്കിലെ റോയൽ ആർട്‌സ് കോംപ്ലക്‌സിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെയും മന്ത്രിസഭ യോഗം അഭിനന്ദിച്ചു. സൗദിയുടെ സംസ്കാരത്തിന്റെയും കലയുടെയും പ്രധാന കേന്ദ്രമാണ് റിയാദിലെ കിങ് സൽമാൻ പാർക്ക്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസും തമ്മിൽ നടന്ന ഫോൺ സംഭാഷണം മന്ത്രിസഭ യോഗത്തിൽ വിശദീകരിച്ചു.
ഉഭയകക്ഷി ബന്ധങ്ങളും നിരവധി മേഖലകളിലെ സംയുക്ത സഹകരണത്തിനുള്ള അവസരങ്ങളും അവലോകനം ചെയ്തു. പരിസ്ഥിതി മേഖലയിൽ സൗദി അറേബ്യയുടെയും പാകിസ്താന്റെയും സർക്കാറുകൾ തമ്മിലുള്ള ധാരണപത്രത്തിന് കാബിനറ്റ് അംഗീകാരം നൽകി.
സൗദി സാംസ്കാരിക മന്ത്രാലയവും ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസും തമ്മിലുള്ള സാംസ്കാരിക മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിന്റെ കരട് സംബന്ധിച്ച് ബഹ്റൈൻ പക്ഷവുമായി ചർച്ച നടത്തുന്നതിനും സൗദി, കോസ്റ്റാറിക്കൻ ടൂറിസം മന്ത്രാലയങ്ങൾ തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിന്റെ കരട് ചർച്ച നടത്തുന്നതിനും ടൂറിസം മന്ത്രിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.