സൗദിയിൽ ആദ്യത്തെ ആണവ നിലയം നിർമാണം ആരംഭിച്ചു -ഊർജ മന്ത്രി
text_fieldsറിയാദ്: സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജത്തെ ഉപയോഗിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതായി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. വിയനയിൽ തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി പൊതുസമ്മേളനത്തിന്റെ 68-ാമത് സെഷനിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സൗദി എല്ലാ ഘടകങ്ങളോടും കൂടിയ ദേശീയ ആണവോർജ പദ്ധതി നടപ്പാക്കുന്നത് തുടരുന്നു. രാജ്യത്തെ ആദ്യത്തെ ആണവനിലയം നിർമിക്കാനുള്ള പദ്ധതി അതിലുൾപ്പെടുന്നു. ദേശീയ ഊർജ മിശ്രിതം രൂപവത്കരിക്കുന്നതിനും അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ ചട്ടക്കൂടിനുള്ളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനും സംഭാവന ചെയ്യുന്നതിന് വേണ്ടിയാണിത്.
ആണവ നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ഭരണപരമായ തയാറെടുപ്പ് ഘടകങ്ങളും സമഗ്ര സുരക്ഷ ഉടമ്പടിയിലെ ബാധ്യതകൾ നിറവേറ്റുന്നതിനുള്ള ആവശ്യകതകളും രാജ്യം പൂർത്തിയാക്കി.
2024 ജൂലൈയിൽ സ്മോൾ ക്വാണ്ടിറ്റീസ് പ്രോട്ടോകോൾ നിർത്താനും സുരക്ഷ കരാറിന്റെ പൂർണമായ നടപ്പാക്കലിലേക്ക് മാറാനുമുള്ള അഭ്യർഥന രാജ്യം അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് സമർപ്പിച്ചുവെന്ന് മന്ത്രി സൂചിപ്പിച്ചു.
ഈ വർഷം ഡിസംബർ അവസാനത്തോടെ ചെറിയ അളവിലുള്ള പ്രോട്ടോകോൾ ഫലപ്രദമായി നിർത്തുന്നതിനുള്ള ഉപനടപടികൾ പൂർത്തിയാക്കാൻ ആണവോർജ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആണവോർജ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വ്യവസ്ഥകൾ നിയമപരമായി പാലിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത മന്ത്രി ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ ദേശീയ സംവിധാനങ്ങളും സ്ഥാപന ഘടനയും ആണവ, സാങ്കേതിക സാമഗ്രികളുടെ നിയന്ത്രണത്തിനും കയറ്റുമതി നിയന്ത്രണത്തിനുമുള്ള ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള പ്രതിബദ്ധതക്ക് അനുസൃതമായിരിക്കും. ഈ വർഷം ആഗസ്റ്റ് ഏഴിന് ഏജൻസിയുടെ പ്രത്യേകാവകാശങ്ങളിലേക്കും ഇമ്യൂണിറ്റി കരാറുകളിലേക്കും പ്രവേശിക്കുന്നതിന് വേണ്ട കാര്യങ്ങൾ രാജ്യം നിക്ഷേപിച്ചതായി അദ്ദേഹം വിശദീകരിച്ചു.
ഞങ്ങൾക്ക് ഒന്നും മറയ്ക്കാനില്ല. എല്ലാത്തരം ഊർജവും ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മാതൃകാരാജ്യമെന്ന നിലയിൽ ഈ വെല്ലുവിളിയെ നേരിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാലും ഊർജമേഖലയിലെ പരിപാടികൾ അതിന്റെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്നതാണ് രാജ്യത്തിന്റെ താൽപര്യമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.