കോവിഡ് ഉയരുന്നു; രാജ്യത്ത് കർശന ജാഗ്രത: മക്ക, മദീന ഹറമുകളിൽ ആരോഗ്യ മുൻകരുതൽ ശക്തമാക്കി
text_fieldsജിദ്ദ: ഇടവേളക്കുശേഷം കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ രാജ്യം ജാഗ്രതയിൽ. എല്ലാ മേഖലകളിലും നിയന്ത്രണം ശക്തമാക്കി. മക്ക, മദീന ഹറമുകളിൽ ആരോഗ്യമുൻകരുതൽ നടപടി കർശനമാക്കി. ആരോഗ്യ പ്രതിരോധ നടപടി ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതി തയാറാക്കിയതായി മസ്ജിദുന്നബവി കാര്യാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അലി അൽഅയ്യൂബി അറിയിച്ചു. സന്ദർശകരെയും നമസ് കരിക്കാനെത്തുന്നവരെയും ബോധവത്കരിക്കൽ, നേരിട്ട് രംഗത്തിറങ്ങി മുൻകരുതൽ നടപടി കടുപ്പിക്കൽ, പ്രതിരോധ നടപടിക്കനുസൃതമായി നമസ്കാര സ്ഥലങ്ങളും നടപ്പാതകളും ക്രമീകരിക്കൽ, ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ശിൽപശാല സംഘടിപ്പിക്കൽ തുടങ്ങിയവ ഇതിലുൾപ്പെടും. ഹറമിലെത്തുന്ന മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ നിർദേശം നിർബന്ധമായും പാലിക്കണം, മാസ്ക് ധരിക്കണം, കൂട്ടം കൂടി ഇരിക്കുകയോ തിരക്കുണ്ടാക്കുകയോ ചെയ്യരുത്, കൂട്ടികളെ കൂടെ കൊണ്ടുവരരുത്, നമസ്കാരവിരിപ്പ് കൂടെ കരുതണം, ഇടക്കിടെ കൈകൾ അണുമുക്തമാക്കണം തുടങ്ങിയ കാര്യങ്ങൾ പാലിക്കണമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
മക്കഹറമിലും നിരീക്ഷണവും പ്രതിരോധന നടപടികളും മുമ്പുള്ളതിനെക്കാൾ കർശനമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവരെയും ശരീരോഷ്മാവ് പരിശോധിക്കാത്തവരെയും ഹറം കാര്യാലയത്തിന് കീഴിലെ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് ഹറം സുരക്ഷാവിഭാഗം വ്യക്തമാക്കി. സമൂഹ അകലം പാലിക്കാതെ ആളുകൾ ഒരുമിച്ചുകൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കും. തീർഥാടകരുടെയും സന്ദർശകരുടെയും സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഏത് സാഹചര്യവും നിരീക്ഷിക്കാൻ ഹറമിനകത്തും പുറത്തും നൂതന ഉപകരണങ്ങൾ ഒരുക്കി. ആരോഗ്യ മുൻകരുതൽ നടപടി നിരീക്ഷിക്കുന്നതിന് പരിശീലനം നേടിയവരാണ് ഉദ്യോഗസ്ഥരെന്നും ഹറം സുരക്ഷ വിഭാഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.