യാംബുവിലെ കോവിഡ് വാക്സിനേഷൻ സെൻററുകൾ സജീവം
text_fieldsയാംബു: കോവിഡ് വാകിസിൻ കുത്തിവെപ്പിനുള്ള യാംബു മേഖലയിലുള്ള സെൻററുകൾ സജീവമാണെന്നും ഒന്നാം ഡോസ് എടുക്കാത്ത പൗരന്മാരും രാജ്യത്തുള്ള വിദേശികളും ഉടൻ രജിസ്റ്റർ ചെയ്ത് ആദ്യ ഡോസ് എടുക്കണമെന്നും ആവർത്തിച്ച് അധികൃതർ. എല്ലാദിവസവും 16 മണിക്കൂർ പ്രവൃത്തിസമയം നിശ്ചയിച്ച് എല്ലാവിധ ആധുനികസൗകര്യങ്ങളും ഒരുക്കിയാണ് വാക്സിനേഷൻ സെൻററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. യാംബു അൽബഹ്ർ, യാംബു അൽസനാഇയ എന്നിവിടങ്ങളിലായി മൂന്ന് കേന്ദ്രങ്ങൾ ഇപ്പോൾ നിലവിലുണ്ട്.
ആദ്യ ഡോസ് സ്വീകരിച്ചവരുടെ തിരക്ക് കുറഞ്ഞുവരുകയാണെന്നും അതിനാൽ അപ്പോയിൻമെൻറ് എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേഗത്തിൽ ആദ്യഡോസ് സ്വീകരിച്ചുപോകാൻ കഴിയുമെന്നും യാംബു ആരോഗ്യമന്ത്രാലയം അറിയിച്ചു.
75 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിൻമെൻറ് എടുക്കാതെതന്നെ നേരിട്ട് വാക്സിനേഷൻ സെൻററിൽ എത്തി കാത്തിരിപ്പില്ലാതെ വാക്സിൻ സ്വീകരിക്കാമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ധാരാളം ഗുണഭോക്താക്കളെ ഒരുമിച്ച് സ്വീകരിക്കാൻ കഴിയുന്നവിധത്തിലാണ് ഇപ്പോൾ വാക്സിനേഷൻ സെൻററുകൾ ഒരുക്കിയിട്ടുള്ളതെന്നും 'സിഹത്തീ' ആപ് വഴി രജിസ്റ്റർ ചെയ്ത് എല്ലാവരും ആദ്യഡോസ് വാക്സിൻ എടുക്കാൻ ജാഗ്രതകാണിക്കണമെന്നും യാംബു ഗവർണറേറ്റിലെ ആരോഗ്യമേഖല ഡയറക്ടർ ഡോ. അയ്മൻ ഖലാഫ് പറഞ്ഞു.
സൗദി പൗരന്മാർക്കും പ്രവാസികൾക്കും ഏറ്റവും നല്ലരീതിയിൽ വാക്സിനേഷൻ നൽകാൻ ആരോഗ്യമന്ത്രാലയം പതിജ്ഞാബദ്ധമാണെന്നും രാജ്യത്ത് അംഗീകരിച്ച വാക്സിനുകൾ ഏറെ ഫലപ്രദവും സുരക്ഷിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.