സൗദിയിൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ കാമ്പയിൻ ഉടൻ ആരംഭിക്കും
text_fieldsജിദ്ദ: സൗദിയിൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള കാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ അനുഭവിക്കുന്ന താഴ്ന്ന താപനിലയുടെയും ശൈത്യകാല സാഹചര്യങ്ങളുടെയും വെളിച്ചത്തിൽ ഇൻഫ്ലുവൻസ വാക്സിൻ കുട്ടികൾക്ക് എടുക്കാനും അദ്ദേഹം നിർദേശിച്ചു.
എല്ലാവരും കോവിഡ് വാക്സിനുകളുടെ ആവശ്യമായ ഡോസുകൾ പൂർത്തിയാക്കണമെന്നും ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധശേഷി വർധിപ്പിക്കണമെന്നും വക്താവ് ഊന്നിപ്പറഞ്ഞു. സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കോവിഡ് കേസുകളുടെ വർധനവ് ആശങ്കാജനകമാണ്. ലോകത്തിലെ പകുതിയോളം രാജ്യങ്ങളിൽ ഒമിക്രോൺ ബാധ കണ്ടെത്തിയിട്ടുണ്ട്.
പുതിയ വകഭേദം വേഗത്തിൽ പടരുന്നു. ഒമിക്രോണിനെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ പാലിക്കുകയും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ചെയ്യണം. സൗദിയിൽ 48 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. 22.9 ദശലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസ് എടുത്തിട്ടുണ്ടെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
അതേസമയം, കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോൺ ബാധിച്ചവരിൽ 90 ശതമാനം പേരും യൂറോപ്പ് ഭൂഖണ്ഡത്തിലാണെന്ന് പൊതു ആരോഗ്യ അതോറിറ്റി ഇൻചാർജ്ജ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. അബ്ദുല്ല അൽഖുവൈസാനി പറഞ്ഞു. ഡൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ വകഭേദത്തിനു വളരാനും അണുബാധകൾ ഉണ്ടാക്കാനുമുള്ള ഉയർന്ന കഴിവുണ്ട്.
രണ്ട് ഡോസുകളുടെ 25 ഇരട്ടിയിലധികം മടങ്ങ് ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിനു കഴിയും. ഒമിക്രോണുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്തുന്നത് തുടരുകയാണ്. അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കാനും യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പർക്കം പുലർത്താനും യാത്രക്കിടയിലും തിരിച്ചുവന്നതിനു ശേഷവും തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് അകന്ന് കഴിയാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 'വിഖായ' ഇൻചാർജ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.