ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ കോവിഡ് വാക്സിൻ നിർബന്ധമില്ല
text_fieldsജിദ്ദ: ഇന്ത്യയിൽ നിന്നു നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധമില്ല. നാട്ടിൽ നിന്നു ഒരു ഡോസോ, രണ്ട് ഡോസോ വാക്സിൻ സ്വീകരിച്ചവർക്കും ഒറ്റ ഡോസ് പോലും ഇതുവരെ എടുക്കാത്തവർക്കുമെല്ലാം സൗദിയിലെത്തിയാൽ അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമായിരിക്കും.
നിലവിൽ സൗദിയിൽ നിന്നു രണ്ട് ഡോസുകൾ എടുത്തവർക്കും നേരത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ് നൽകിയിരുന്നവർക്കും മാത്രമേ ക്വാറൻറീൻ നിബന്ധനയിൽ നിന്നും ഒഴിവുണ്ടാവൂ. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമുള്ളവർ തങ്ങൾ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറൻറീനു വേണ്ടി അംഗീകരിച്ചിട്ടുള്ള ഹോട്ടലിലോ അഞ്ച് ദിവസം മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടാതെ, ഇവർ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധനക്ക് വിധേയരാവണം.
എന്നാൽ സൗദിയിൽ നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുക്കുകയും തങ്ങളുടെ തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമേ വിവിധ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രവേശനം അനുവദിക്കൂ. അതിനാൽ നാട്ടിൽ നിന്നും കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ ലിങ്കിൽ രജിസ്റ്റർ ചെയ്ത് തങ്ങളുടെ തവക്കൽന ആപ്പിൽ സ്റ്റാറ്റസ് കൃത്യമായി അപ്ഡേറ്റ് ചെയ്യൽ നിർബന്ധമാണ്.
ഇതുവരെ സൗദിയിൽ അംഗീകാരം ലഭിക്കാത്തതിനാൽ കോവാക്സിൻ കുത്തിവെപ്പ് എടുത്തവർക്ക് ഈ വിധം തവക്കൽന ആപ്പിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.