'സി.പി.എം നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളത്'
text_fieldsദമ്മാം: മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവർ സമാധാനത്തിെൻറ വെള്ളരിപ്രാവുകളും അതിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീകരവാദികളുമാക്കുന്ന പിണറായി വിജയെൻറയും സി.പി.എമ്മിെൻറയും നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡൻറ് മൻസൂർ എടക്കാട് അഭിപ്രയാപ്പെട്ടു. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ നിസ്സാരവത്കരിക്കുകയും ബിഷപ്പിനെതിരെ പ്രതികരിച്ചവരെ തീവ്രവാദികളുമാക്കി ചിത്രീകരിക്കുന്നു. ഈ ഇരട്ട സമീപനം തീക്കൊള്ളി കൊണ്ടു തല ചൊറിയുന്നതിനു തുല്യമാണ്. വർഗീയ വിദ്വേഷപ്രചാരണത്തിന് തുടക്കമിട്ട പാലാ ബിഷപ് പാണ്ഡിത്യമുള്ളയാളെന്ന മന്ത്രി വി.എൻ. വാസവെൻറ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണ്. മന്ത്രി വി.എൻ. വാസവെൻറ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണ്. വാസവൻ കേരള ജനതയോട് തനിക്ക് പറ്റിയ തെറ്റ് തിരുത്തി മാപ്പ് പറയണം.
മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ് ഹൗസിന് മുന്നിൽ വരി നിൽക്കുന്ന നേതാക്കൾ കേരളത്തിലെ ജനാധിപത്യവിശ്വാസികൾക്ക് നേരെ കൊഞ്ഞനം കുത്തുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്ലിം സമുദായത്തെ ഭീകരവത്കരിക്കാനുള്ള സംഘ്പരിവാർ - സി.പി.എം തന്ത്രം സമുദായം തിരിച്ചറിയുകയും അകറ്റി നിർത്തുകയും ചെയ്യണം. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം രാഷ്ട്രീയ പ്രവർത്തനം സി.പി.എമ്മിന് നഷ്ടമല്ലാതെ ഒരു ലാഭവും ഉണ്ടാക്കാൻ പോകുന്നില്ല. അതിന് അവരുടെ തന്നെ ബംഗാൾ ഘടകം ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധ്രുവീകരണത്തിെൻറ തുടർച്ചയെന്നോണം ലൗ ജിഹാദ് നടത്തി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന സംഘ്പരിവാര്‍ വാദത്തിന് കരുത്തേകുന്ന നിലപാടാണ് സി.പി.എം തുടർന്ന് കൊണ്ടിരിക്കുന്നത്.
സി.പി.എം സമ്മേളനങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന പ്രസംഗത്തിനായി നല്കിയ കുറിപ്പിൽ കാമ്പസുകളില്‍ യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന ഭാഷ്യം ഇതിനുദാഹരണമാണ്. കോടതിയും അന്വേഷണ ഏജന്‍സികളും കൈയൊഴിഞ്ഞ ലൗജിഹാദ് ആർ.എസ്.എസിനൊപ്പം നിന്ന് ഉണ്ടെന്ന് പറയാനാണ് സി.പി.എം ശ്രമിക്കുന്നത്. പ്രഫഷനല്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദം നടക്കുന്നുവെന്ന് ഒരു തെളിവുകളുമില്ലാതെ മുസ്ലിം സംഘടനകളുടെ മേലിലുള്ള സി.പി.എമ്മിെൻറ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആർ.എസ്.എസിനെയും ക്രിസംഘികളെയും പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ള വിഴുപ്പലക്കല്‍ മാത്രമാണെന്നും അതുവഴി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന സി.പി.എം വ്യാമോഹം അത്യന്തം അപകടകരമാണെന്നും ദമ്മാമിൽ ചേർന്ന യോഗത്തിൽ മൻസൂർ എടക്കാട് പറഞ്ഞു. യോഗത്തിൽ ജനറൽ സെക്രട്ടറി വി.എം. നാസർ പട്ടാമ്പി, വൈസ് പ്രസിഡൻറ് എം.എം. അബ്ദുസ്സലാം വാടാനപ്പള്ളി, സെക്രട്ടറി റിയാസ് കൊട്ടോത്ത്, ശരീഫ് കൊടുവള്ളി, അബ്ദുല്ല കുറ്റ്യാടി, നസീർ ആലുവ, ഷാനവാസ് കൊല്ലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.