‘റിയാദ് എയർ’ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി
text_fieldsറിയാദ്: ‘റിയാദ് എയർ' എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ‘റിയാദ് എയർ’ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വൻകരകൾക്കിടയിൽ സൗദിയുടെ വ്യാപാര, വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങൾ ഉറപ്പാക്കും. റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിന് പിന്നിലുണ്ട്.
പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാനാണ് റിയാദ് എയറിെൻറ ചെയർമാൻ. വ്യോമായന, ഗതാഗത, ചരക്കുനീക്ക മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് ആഗോളതലത്തിലുള്ള സൗദിയുടെ യാത്രാ, വ്യോമയാന വ്യവസായത്തിൽ പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള നൂതന വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്ന റിയാദ് എയർ ഒരു ലോകോത്തര വിമാന കമ്പനിയായിരിക്കും. എണ്ണയിതര വരുമാന മേഖലയിലേക്ക് 2,000 കോടി ഡോളർ കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്ന എയർലൈൻസ് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആറ് മാസം മുമ്പ് പ്രഖ്യാപിച്ച റിയാദ് കിങ് സൽമാൻ വിമാനത്താവള പദ്ധതി പോലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിക്ഷേപമാണ് വിമനക്കമ്പനിയിലും നടത്തുന്നത്.
2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയർ യാത്രക്കാരെ എത്തിക്കും. അവരുടെ യാത്ര മെച്ചപ്പെടുത്താനും റിയാദ് എയർ ലക്ഷ്യമിടുന്നു. ആധികാരികവും ഊഷ്മളവുമായ സൗദി ആതിഥ്യമര്യാദയോടെ അസാധാരണമായ യാത്രാനുഭമായിരിക്കും റിയാദ് എയർ നൽകുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രകൃതിദത്തവും സൗദി അറേബ്യയുടെ തനത് സംസ്കാരം പേറുന്നതുമായ ആകർഷക കേന്ദ്രങ്ങൾ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് എയർലൈൻ അവസരം നൽകും. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്ക്കരണം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വിമാന കമ്പനി ‘വിഷൻ-2030’ന് അനുസൃതമായി വ്യോമയാന വ്യവസായത്തിെൻറ ആഗോള മത്സരക്ഷമതയെ പിന്തുണയ്ക്കുമെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.