ഇറാനുമായുള്ള നയതന്ത്ര ബന്ധം; കിരീടാവകാശി ചൈനീസ് പ്രസിഡൻറുമായി ഫോണിൽ സംസാരിച്ചു
text_fieldsറിയാദ്: ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി ചൊവ്വാഴ്ച ഫോണിൽ ചർച്ച നടത്തി. ഉഭയകക്ഷി വിഷയങ്ങൾ കൂടാതെ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി.
ഇക്കാര്യത്തിൽ ചൈനയുടെ മധ്യസ്ഥതക്കും ശ്രമങ്ങൾക്കും സൽമാൻ രാജാവിന്റെ അഭിനന്ദനം കിരീടാവകാശി ഷി ജിൻപിങ്ങിനെ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗ രാഷ്ട്രങ്ങളുമായും പശ്ചിമേഷ്യ രാജ്യങ്ങളുമായും ബെയ്ജിങ്ങിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ സൗദി വഹിക്കുന്ന പങ്കിനെ ചൈനീസ് പ്രസിഡൻറും പ്രശംസിച്ചു.
ഇതിനിടെ, ഒരാഴ്ചക്കുള്ളിൽ രണ്ടാമതും ഫോണിൽ ബന്ധപ്പെട്ട സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയനും റമദാൻ അവസാനിക്കുന്നതിനുമുമ്പ് കൂടിക്കാഴ്ച നടത്താൻ ധാരണയായി. ചൈനയുടെ മധ്യസ്ഥതയിൽ ബെയ്ജിങ്ങിൽ ഒപ്പുവെച്ച ത്രികക്ഷി കരാറിലെ വിഷയങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു. ഇറാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറക്കുമെന്ന് ഒരാഴ്ച മുമ്പ് സൗദി വിദേശകാര്യ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
2016ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യയും ഇറാനും മാർച്ച് 10നാണ് പ്രഖ്യാപിച്ചത്. രണ്ടുമാസത്തിനുള്ളിൽ ഇരു രാജ്യങ്ങളുടെയും എംബസികളും കോൺസുലേറ്റുകളും തുറക്കുക, പരമാധികാരങ്ങളോട് പരസ്പരം ആദരവ് പുലർത്തുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് കരാറിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.