പെരുന്നാൾ ഒരുക്കം തകൃതി; സഞ്ചാരികളെ സ്വീകരിക്കാൻ ടൂറിസം കേന്ദ്രങ്ങളുമൊരുങ്ങുന്നു
text_fieldsറിയാദ്: വ്രതവിശുദ്ധിയുടെ പുണ്യനാളുകൾ അവസാന നാളുകളിലേക്ക് നീങ്ങുന്നതോടെ പെരുന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കം തകൃതിയായി. നാടും നഗരവും സ്വദേശികളും വിദേശികളും തുടങ്ങി നാനാതുറകളിലെ ആളുകൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത വാരാന്ത്യത്തോടെ അവധി ആരംഭിക്കും.
അതോടെ തെരുവുകളും മാളുകളും നിരത്തുകളും നിലവിലേതിനേക്കാൾ പലമടങ്ങ് തിരക്കിലമരും. ഇപ്പോൾതന്നെ നിരത്തുകൾ നിറഞ്ഞൊഴുകുകയാണ്.
പെരുന്നാൾ ആഘോഷിക്കാനുള്ള വസ്ത്രങ്ങളും ഭക്ഷണക്കൂട്ടുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടാനായി ആളുകൾ പുറത്തിറങ്ങിയ തിരക്കാണ് എങ്ങും. പ്രമുഖ വസ്ത്ര, സുഗന്ധ, ചോക്ലറ്റ് ബ്രാൻഡുകളെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വദേശികളുടെ പെരുന്നാളാഘോഷം വർണാഭവും വൈവിധ്യപൂർണവുമാണ്. കുട്ടികളും മുതിർന്നവരും ചെറുപ്പക്കാരും പല തരത്തിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
അലങ്കാരവസ്തുക്കൾ വാങ്ങി വീടകം മനോഹരമാക്കിയും സ്വാദിഷ്ടമായ കേക്ക് ഉൾപ്പെടെയുള്ള വിഭവങ്ങൾ തയാറാക്കിയും കുടുംബങ്ങൾ അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. മജ്ലിസിൽ മുന്തിയയിനം ‘ബുഖൂർ’ (സുഗന്ധ വസ്തു) പുകച്ച് അറേബ്യൻ ഖഹ്വയും ഈത്തപ്പഴവും മധുരപലഹാരങ്ങളുമായി വീട്ടിലെ അതിഥിപ്പുരകളെ ഒരുക്കിവെക്കലാണ് വീട്ടമ്മമാരുടെ പ്രധാന പെരുന്നാൾ ജോലി.
അതിഥികളെ സ്വീകരിക്കലും കുടുംബ, സൗഹൃദ സദസ്സുകൾ ഒരുക്കലും കാരണവന്മാരെ സന്ദർശിക്കലുമാണ് പെരുന്നാൾ ദിനത്തിലെ പ്രധാന ആഘോഷങ്ങൾ. പെരുന്നാൾ രാവ് തൊട്ട് തുടങ്ങുന്നതാണ് കുട്ടികളുടെ ആഘോഷം. അലങ്കാര വസ്തുക്കൾ വാങ്ങി സൃഷ്ടിപരമായ സമ്മാനങ്ങളുണ്ടാക്കി സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും നൽകിയാണ് തുടക്കം.
അതിരാവിലെ അഴകുള്ള വസ്ത്രം ധരിച്ച് മിഠായിപ്പൊതിയുമായി ഈദ് നമസ്കാരത്തിന് പള്ളിയിലെത്തും.
നമസ്കാരാനന്തരം മധുരം വിതരണം ചെയ്തും സുഹൃത്തുക്കളെയും ബന്ധുക്കളെയും ആശ്ലേഷിച്ചും പെരുന്നാളിന് പൊലിമയേറ്റും.
വിദേശികളിൽ വലിയൊരു വിഭാഗം പെരുന്നാൾ അവധി യാത്രകൾക്കായാണ് ഉപയോഗിക്കുന്നത്. അബഹ, ദമ്മാം, അൽ ഉല തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത ടൂറിസം മേഖലകൾ സന്ദർശിക്കാനും അവിടങ്ങളിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും പെരുന്നാൾ ഉപയോഗപ്പെടുത്തുന്നവരുണ്ട്.
ബഹ്റൈൻ, യു.എ.ഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും യാത്രാപാക്കേജുകൾ വഴി യൂറോപ്പ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കും യാത്ര പോകുന്നവരും കുറവല്ല. പെരുന്നാൾ ആഘോഷിക്കാനും ഉംറ നിർവഹിക്കാനും മക്കയിലെത്തുന്നവരും മദീനയിലെത്തി പ്രവാചകെൻറ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന് സംഗമിക്കുന്നവരുമുണ്ട്.
സൗദി അറേബ്യ ടൂറിസത്തിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമായതിനാൽ എല്ലാ ടൂറിസം കേന്ദ്രങ്ങളും സഞ്ചാരികൾക്കായി ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങൾ, ഇതര വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നും സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിയിലുള്ളവരെയും അതിഥികളായി സൗദിയിലെത്തുന്നവർക്കും അവിസ്മരണീയമായ പെരുന്നാൾ അനുഭവം ഒരുക്കാൻ സൗദി സാംസ്കാരിക മന്ത്രാലയവും വിവിധ മുനിസിപ്പാലിറ്റികളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. അതോടൊപ്പം ബോളീവാർഡ് ഉൾപ്പെടെയുള്ള കലാ സാംസ്കാരിക കേന്ദ്രങ്ങളും പെരുന്നാൾ ദിനത്തിൽ ആഘോഷപരിപാടികൾക്ക് വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.