എണ്ണയുൽപാദനം കൂട്ടൽ തീരുമാനം ഒപെക് യോഗത്തിനുശേഷം
text_fieldsബുറൈദ: ആഗസ്റ്റ് മൂന്നിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടെ ഉന്നതതല യോഗത്തിനുശേഷം മാത്രമേ എണ്ണ ഉൽപാദനം കൂട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ട്. വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായാണ് എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട നയങ്ങൾ കൈക്കൊള്ളുന്നത് വ്യക്തമാക്കിയും മറ്റും സൗദി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ പ്രതികരണങ്ങളാണ് ഒപെക് യോഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. സൗദിയിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.
എണ്ണ ഉൽപാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദി അധികൃതരുമായി തന്റെ വീക്ഷണം പങ്കിട്ടതായും വരുംദിനങ്ങളിൽ കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നതായും ബൈഡൻ പറഞ്ഞിരുന്നു. വിപണിയിലേക്കും തന്റെ രാജ്യത്തേക്കും കൂടുതൽ എണ്ണ എത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്.
ഇതിനിടെ, കഴിഞ്ഞയാഴ്ച ജിദ്ദയിൽ നടന്ന യു.എസ്-അറബ് ഉച്ചകോടിയിൽ എണ്ണയുമായി ബന്ധപ്പെട്ട ചർച്ച നടന്നില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കിയിരുന്നു. വിപണി സാഹചര്യങ്ങൾ വിലയിരുത്തുന്ന പ്രക്രിയ ഒപെക് തുടരുമെന്നും അതിന്റെ വെളിച്ചത്തിൽ ആവശ്യമായത് ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ യു.എസും യൂറോപ്പും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ എണ്ണവില 2008നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്നിരുന്നു. മാർച്ചിൽ ക്രൂഡ് ഓയിൽ വില ബാരലിന് 139 ഡോളറിന് മുകളിലെത്തിയെങ്കിലും പിന്നീട് കുറഞ്ഞു.
അതിനിടെ, എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ഏത് തീരുമാനവും ഒപെക് ചട്ടക്കൂടിനുള്ളിൽ നിന്നാകുമെന്ന് സൗദി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഒപെക് സഖ്യത്തിൽ റഷ്യയും ഉൾപ്പെടുന്നുണ്ട്. യുക്രെയ്ൻ അധിനിവേശ സാഹചര്യത്തിൽ ഉപരോധം നേരിടുന്ന റഷ്യ എണ്ണയിൽനിന്ന് വരുമാനം വർധിപ്പിക്കുന്നത് തടയാനാണ് അമേരിക്ക ശ്രമിക്കുന്നത്.
എന്നാൽ, സഖ്യധാരണകളോടുള്ള പ്രതിബദ്ധത പുലർത്തുന്ന കാര്യത്തിൽ സൗദി വിട്ടുവീഴ്ച വരുത്തില്ല എന്നാണ് പൊതുവായ വിലയിരുത്തൽ.
വിപണിയിൽ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ സൗദി അറേബ്യ എണ്ണ ഉൽപാദനം വർധിപ്പിക്കുകയുള്ളൂവെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസുമായി ഏതെങ്കിലും കരാർ രൂപപ്പെടാനുള്ള സാധ്യത അദ്ദേഹം നിരാകരിക്കുകയും ചെയ്തിരുന്നു. വിപണിയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത രാജ്യത്തിനുണ്ട്. ആവശ്യകതയും വിതരണവും വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്. ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അസംസ്‌കൃത എണ്ണ ഉൽപാദനം വർധിപ്പിക്കും. എന്നാലത് ഒപെക് അംഗരാഷ്ട്രങ്ങളുമായി ഏകോപിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടക്കാലത്തുണ്ടായ എണ്ണവില വർധന കോവിഡ് സാഹചര്യത്തിൽ ചൈനയിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെയും തുടർന്ന് സംഭവിച്ച യുക്രെയ്ൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണെന്ന് സൗദി എണ്ണ വിദഗ്‌ധൻ മുഹമ്മദ് അൽഷാത്തി 'അൽ അറബിയ' ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
വില കുറയാനുള്ള പ്രവണത കാണുന്നുണ്ട്. ഒരുവേള ഇത് ബാരലിന് 100 ഡോളർ എന്ന നിലയിലേക്ക് താഴാം. ഒപെക് അംഗരാഷ്ട്രങ്ങളുടെ യോഗത്തിനു മുമ്പ് വിപണിനില കൂടുതൽ വ്യക്തമാകുമെന്നും അതിനനുസരിച്ചുള്ള തീരുമാനമാകും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വിപണിയിൽ വിതരണ ക്ഷാമം ഇല്ലെന്ന് ബോധ്യപ്പെടുന്ന പക്ഷം എണ്ണ ഉൽപാദനം വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് വേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.