'ഡിഫ സൂപ്പര്‍ കപ്പ്' ഫുട്ബാൾ ടൂർണമെന്‍റിന് വ്യാഴാഴ്ച തുടക്കം
text_fieldsദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മകളുടെ ഏകീകൃത വേദിയായ ദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന മെഗാ ഫുട്ബാള്‍ മേള 'ഡിഫ സൂപ്പര്‍ കപ്പിന്' അല്‍ഖോബാര്‍ റാക്ക സ്പോട്ട് യാഡ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത 20 ക്ലബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 7.30ന് നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 'എല്ലാറ്റിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങിക്കൊള്ളുക' എന്ന വാചകമാണ് മേളയുടെ സ്ലോഗൻ.
കിക്കോഫ് ചടങ്ങില്‍ സാമൂഹിക സംസ്കാരിക കായിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോവിഡ് മഹാമാരി മൂലം രണ്ട് വര്‍ഷമായി നിശ്ചലമായ കളി മൈതാനങ്ങളെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ട് വരുകയാണ് ഡിഫാ കപ്പിന്‍റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
ടൂര്‍ണമെന്‍റ് സംഘാടനത്തിനായി എല്ലാ ക്ലബുകളില്‍നിന്നും പ്രതിനിധികള്‍ ഉൾക്കൊള്ളുന്ന വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. പ്രമുഖ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ജഴ്‌സിയണിയുന്നത്. ലക്ഷക്കണക്കിന് വരുന്ന വിദേശി സമൂഹത്തിന്‍റെ ജീവസന്ധാരണത്തിന് വഴിയൊരുക്കുകയും ഒപ്പം കോവിഡ് കാലത്ത് സ്വദേശികളെ പോലെ വിദേശികളെ ചേര്‍ത്ത് പിടിച്ച സൗദി ഭരണകൂടത്തിന് ദമ്മാമിലെ കായികപ്രേമികള്‍ നല്‍കുന്ന ഹൃദയസമര്‍പ്പണം കൂടിയാണ് ഡിഫ സൂപ്പര്‍ കപ്പ്.
മഹാമാരിക്ക് വിധേയരായി മരണത്തിന് കീഴടങ്ങിയവരെ അനുസ്മരിക്കുകയും ഒപ്പം മഹാമാരി കാലത്ത് സേവനനിരതരായി മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃക സമ്മാനിച്ച ആരോഗ്യ- സാമൂഹിക-സേവന രംഗത്തുള്ളവര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്ന അനുബന്ധ ചടങ്ങുകളും മേളയിലുണ്ടാകും. പ്രവിശ്യയിലെ എല്ലാ ക്ലബുകളെയും ഒരുമിപ്പിച്ച് കൊണ്ട് 2009ലാണ് ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഡിഫ) എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിക്കപ്പെടുന്നത്. പ്രവാസലോകത്ത് എറ്റവും കൂടുതല്‍ ഫുട്‌ബാള്‍ മേളകള്‍ സംഘടിപ്പിക്കപ്പെടുന്ന പ്രദേശവും ഏറ്റവും മികച്ച കളിക്കാരുടെ സാന്നിധ്യവും ദമ്മാമാണെന്നും ഡിഫ ഭാരവാഹികള്‍ അവകാശപ്പെട്ടു.
ജീവകാരുണ്യരംഗത്ത് മറുകൈ അറിയാതെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഡിഫ സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. കിസ്റ്റോണ്‍ ഗ്രൂപ് ഓഫ് കമ്പനി സി.ഇ.ഒ ലിയാഖത്ത് കരങ്ങാടന്‍, ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ റഫീഖ് കൂട്ടിലങ്ങാടി, ഡിഫ ജനറൽ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ വള്ളക്കടവ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.