സൗദിയിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനായുള്ള ആവശ്യം ശക്തം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനായുള്ള ആവശ്യം ശക്തമാകുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) മേൽനോട്ടത്തിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രങ്ങൾ 38 രാജ്യങ്ങളിൽ നിലവിലുണ്ട്.
51 രാജ്യങ്ങളിൽ ഇന്ത്യൻ ചെയറുകളും (സെന്റർ ഫോർ എക്സലൻസ്) ഐ.സി.സി.ആറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനായുള്ള ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. വീണ്ടും ഈ ആവശ്യമുയർന്നത് സുഷമ സ്വരാജ് വിദേശകാര്യ മന്ത്രി ആയിരിക്കുമ്പോഴാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിലും ഈ ആവശ്യം പ്രവാസികൾ ഉന്നയിച്ചിരുന്നു.
ഡോ. ഔസാഫ് സഈദ് അംബാസഡറായിരുന്ന സമയത്ത് ഇതിനുവേണ്ടി ധാരാളം ഇടപെടലുകളുണ്ടായി. ഐ.സി.സി.ആർ പ്രസിഡന്റ് ഡോ. വിനയ് സഹസ്രബുദ്ധേയുടെ റിയാദ് സന്ദർശനത്തിലും ആവശ്യമുയർന്നിരുന്നു. അനുകൂലമായ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്രമോദി, സുഷമ സ്വരാജ്, ഡോ. വിനയ സഹസ്രബുദ്ധേ എന്നിവരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു.
എന്നാൽ, പിന്നീട് കോവിഡ് കാലത്ത് ഈ ആവശ്യത്തിന്മേലുള്ള പ്രവർത്തന പുരോഗതി മന്ദഗതിയിലായി. അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ആവശ്യം വീണ്ടും സജീവമായി. യോഗ പ്രചാരണത്തിനും ഗവേഷണത്തിനുമായി ഇന്ത്യൻ ആയുഷ് മന്ത്രാലയവും സൗദി കായിക മന്ത്രാലയവും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചതോടെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രമെന്ന സ്വപ്നം ഉടൻ പൂവണിയുമെന്നൊരു പ്രതീക്ഷ പ്രവാസി സമൂഹത്തിൽ ഉണർന്നു.
സൗദിയിലെ ഇന്ത്യൻ പൊതുസമൂഹത്തിന്റെ സ്റ്റിയറിങ് കമ്മിറ്റിയും അന്താരാഷ്ട്ര യോഗ ക്ലബും സൗദി യോഗ അധ്യാപക സമിതിയും ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം റിയാദിൽ ഉടൻ പ്രവർത്തനമാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ, ഐ.സി.സി.ആർ പ്രസിഡന്റ് ഡോ. വിനയസഹസ്രബുദ്ധേ, കേന്ദ്ര സാംസ്കാരിക മന്ത്രി കിഷൻ റെഡ്‌ഢി എന്നിവരെ കാണുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ പാരമ്പര്യ കലകൾ, സംഗീതം, നൃത്തങ്ങൾ, വാദ്യകലകൾ, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാനുള്ള അധ്യാപകർ, അതിനുള്ള സംവിധാനങ്ങളും ഹാളുകളും, അവതരിപ്പിക്കാനുള്ള വേദികൾ, ഇന്ത്യയിൽനിന്നും വിവിധ കലാകാരന്മാരെയും മറ്റും സൗദിയിലെത്തിച്ച് പരിപാടികൾ നടത്താനുള്ള ബൃഹത്തായ പദ്ധതികളാണ് ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിധിയിൽവരുന്നത്.
ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കപ്പെട്ടാൽ ഇന്തോ-സൗദി നയതന്ത്ര രംഗങ്ങളിലും കലാ-സാംസ്കാരിക ഉഭയ സഹകരണത്തിലും വലിയ കുതിച്ചുചാട്ടത്തിന് തുടക്കമിടും. ഇരുരാജ്യങ്ങളുടെയും സാംസ്കാരിക വിനിമയം എളുപ്പമാകും. ഇന്ത്യൻ പ്രവാസിസമൂഹവും അന്താരാഷ്ട്ര യോഗ ക്ലബും സൗദി യോഗ അധ്യാപക സമിതിയും ഈ ആവശ്യം രണ്ടുദിവസത്തെ സന്ദർശനത്തിന് റിയാദിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുടെ ശ്രദ്ധയിൽപെടുത്തി. ഇന്ത്യൻ എംബസിയിൽ ശനിയാഴ്ച വൈകീട്ട് 4.30ന് നടന്ന മന്ത്രിയുടെ സംവാദപരിപാടിയിൽ വിഷയം നേരിട്ടുന്നയിക്കുകയും അദ്ദേഹം അനുഭാവപൂർവ മറുപടി നൽകുകയുംചെയ്തു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.