നിയുക്ത ബഹിരാകാശയാത്രികർ കിരീടാവകാശിയെ സന്ദർശിച്ചു
text_fieldsജിദ്ദ: അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോകാനൊരുങ്ങുന്ന ആദ്യ സൗദി യാത്രികർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു.
സഞ്ചാരികളായ റയാന ബർനാവി, അലി അൽ ഖർനി, ഭൗമനിലയത്തിൽ ഇവരെ സഹായിക്കുന്ന മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവരെ കിരീടാവകാശി ഊഷ്മളമായി സ്വീകരിച്ചു. മേയിൽ ആരംഭിക്കുന്ന നിർദിഷ്ട യാത്രയിലൂടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുന്ന ആദ്യത്തെ സൗദി വനിതയാവും റയാന ബർനാവി. ഒപ്പം പോകുന്ന അലി ഖർനി ആദ്യ സൗദി പുരുഷനും. ഈ ദൗത്യത്തിൽ ഇരുവരുടെയും സഹായികളാണ് മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവർ.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് സംഘത്തെ കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തിന്റെ അന്താരാഷ്ട്ര മത്സരശേഷി വർധിപ്പിക്കാൻ തുണയാകുന്ന മേഖലകളിലൊന്നാണ് ബഹിരാകാശ രംഗമെന്നും ശാസ്ത്രത്തിനും മാനവികതക്കും ബഹിരാകാശ പര്യവേക്ഷണം വലിയ സംഭാവനയാണ് നൽകുന്നതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.
റയാന ബർനാവിയിലും അലി അൽ ഖർനിയിലും ഉയർന്ന പ്രതീക്ഷകളാണുള്ളത്. ഒരു കൂട്ടം ഗവേഷണങ്ങളിലൂടെ ആളുകളെ ശാക്തീകരിക്കുക, ഭൂമിയെ സംരക്ഷിക്കുക, പുതിയ ചക്രവാളങ്ങൾ തുറക്കുക എന്നീ ഉയർന്ന ലക്ഷ്യങ്ങളുള്ള ദൗത്യവുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മാതൃരാജ്യത്തിന്റെ അംബാസഡർമാരായി മാറും സഞ്ചാരികളെന്നും ദൗത്യം വിജയിപ്പിച്ച് സുരക്ഷിതമായി നാട്ടിലേക്കു മടങ്ങാൻ കഴിയട്ടെയെന്നും കിരീടാവകാശി ആശംസിച്ചു.
കിരീടാവകാശിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ കാണാനായതിൽ യാത്രികർ അഭിമാനം പ്രകടിപ്പിക്കുകയും നിരന്തരം നൽകുന്ന പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി പറയുകയും ചെയ്തു. റയാന ബർനാവിയും അലി അൽഖർനിയും ചരിത്ര ദൗത്യത്തിനുള്ള പൂർണ സന്നദ്ധത പ്രകടിപ്പിച്ചു.
ബഹിരാകാശ മേഖലയിൽ ഒരു അടയാളം കുറിക്കാനും അതിനെ മനുഷ്യരാശിയെ സേവിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളായി സമ്പന്നമാക്കാനും കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇരുവരെയും സഹായിക്കാൻ ഭൗമനിലയത്തിൽ ചുമതലപ്പെട്ടതിൽ അഭിമാനിക്കുകയാണെന്ന് മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.