ദുരിതത്തിലായ മലയാളി ഹൗസ് ഡ്രൈവർ നാടണഞ്ഞു
text_fieldsറിയാദ്: രണ്ടര വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയിലെത്തി ദുരിതത്തിലായ മലയാളി യുവാവ് നാടണഞ്ഞു. തൃശൂർ കരുവന്നൂർ സ്വദേശി അൻസാറാണ് (36) സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്. ഡ്രൈവറായി വന്ന വീട്ടിൽ ശമ്പളമോ കൃത്യമായി ഭക്ഷണമോ ഉറങ്ങാനുള്ള അവസരമോ ലഭിക്കാതെ ബുദ്ധിമുട്ടിയ അൻസാറിനെ ഇതിനുപുറമെ സ്‌പോൺസറുടെ ബന്ധുവീടുകളിലും പണിയെടുപ്പിച്ചു. രാപ്പകലില്ലാതെ പണിയെടുത്തെങ്കിലും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. ഉറക്കംകൂടി നഷ്ടപ്പെട്ട അൻസാർ ശാരീരികമായും മാനസികമായും പ്രയാസപ്പെടുകയായിരുന്നു.
സ്‌പോൺസറോട് പലതവണ പ്രയാസങ്ങൾ ബോധിപ്പിച്ചെങ്കിലും വേണ്ട പരിഗണന ലഭിക്കാതെവന്നപ്പോൾ അൻസാർ ഗൾഫ് പ്രവാസി മലയാളി ഫെഡറേഷനെ സമീപിക്കുകയായിരുന്നു. ഒടുവിൽ ഫെഡറേഷൻ ജീവകാരുണ്യ കൺവീനർ അയ്യൂബ് കരൂപ്പടന്ന വിഷയത്തിൽ ഇടപെടുകയും സ്‌പോൺസറുമായി നിരന്തരം ബന്ധപ്പെട്ട് എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു. തുടർന്ന് ഗൾഫ് മലയാളി ഫെഡറേഷൻ നൽകിയ ടിക്കറ്റിൽ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ അൻസാർ കഴിഞ്ഞ ദിവസം നാടണഞ്ഞു. സഹായവുമായി ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരായ റാഫി പാങ്ങോട്, അയ്യൂബ് കരൂപ്പടന്ന, വിപിൻ എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.