സമസ്തയിലെ ഭിന്നത സമൂഹ മാധ്യമങ്ങളിൽ മാത്രം-നാസർ ഫൈസി കൂടത്തായി
text_fieldsദമ്മാം: വാഫി വിഷയത്തെ തുടർന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമയിൽ ആശയഭിന്നതയുണ്ടെന്ന രീതിയിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ അടയിരിക്കുന്ന ചിലരുടെ സൃഷ്ടി മാത്രമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും സമസ്ത സംസ്ഥാന നേതാവുമായ നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. നിലവിലെ ചെറിയ കാര്യങ്ങളെ ചിലർ പെരുപ്പിച്ചുകാണിക്കുകയാണ്. പരിഹാരത്തിനുള്ള ചർച്ചകൾ കൃത്യമായി നടക്കുന്നുണ്ട്. അത് വേഗത്തിലാക്കുക എന്നതാണ് ഇത്തരം പ്രചാരണങ്ങളെ തടയാനുള്ള മാർഗം.
വാഫി പ്രസ്ഥാനം സമസ്തക്ക് മുകളിലേക്ക് വളർന്നുവെന്ന് ആരോപിക്കപ്പെടുമ്പോഴും അതിന് കാരണക്കാരനെന്ന് പറയുന്ന ഹഖീം ഫൈസിയെ മാറ്റിനിർത്തിക്കൊണ്ടുള്ള പരിഹാരത്തിനല്ല സമസ്ത ശ്രമിക്കുന്നത്. സമസ്തയെ അംഗീകരിക്കാൻ അദ്ദേഹം തയാറായാൽ എല്ലാ പുകമറകളും അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
മുസ്ലിം സമൂഹത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലുള്ള സഹകരണവും പാടില്ലെന്ന വാദമുയർത്തിയത് കാന്തപുരം സുന്നികളാണ്. എന്നാൽ, മുസ്ലിം പൊതുവിഷയത്തിൽ പൊതുനയം രൂപവത്കരിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന വാദമാണ് സമസ്തക്കുള്ളത്. മുസ്ലിം സമൂഹത്തെ പൊതുധാരയിൽ ഒന്നിച്ചുനിർത്തുന്നതിൽ പാണക്കാട് കുടുംബം വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. അതുകൊണ്ടു തന്നെ പാണക്കാട് കുടുംബത്തെ തമസ്കരിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനത്തിനും സമസ്ത തയാറാകില്ല.
സമസ്തയുടെ പൊതുവേദികളിൽ സ്ത്രീകളെ പങ്കെടുപ്പിക്കില്ല എന്നത് സമസ്തയുടെ പൊതുനയമാണ്. എന്നാൽ, അത്തരം വേദികളുമായി സഹകരിക്കരുതെന്നോ പങ്കെടുക്കരുതെന്നോ സമസ്തക്ക് അഭിപ്രായമില്ല. ലീഗിന്റെ നയങ്ങൾ ലീഗും സമസ്തയുടെ നയങ്ങൾ സമസ്തയുമാണ് രൂപപ്പെടുത്തുന്നത്. രണ്ടും പരസ്പര സഹകരണമുണ്ടെങ്കിലും ഒന്ന് ഒന്നിനെ ചോദ്യം ചെയ്യാൻ മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത രൂപവത്കരിച്ചിട്ട് ഒരു നൂറ്റാണ്ടിനോട് അടുക്കുകയാണ്. മതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ മതേതര നിലപാടുകളാണ് സമസ്ത സ്വീകരിച്ചിട്ടുള്ളത്. വർഗീയമായ ഒരു പ്രസ്താവനയോ നിലപാടോ സമസ്ത ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാൽ, നവീകരണ ചിന്തകളും കാഴ്ചപ്പാടുകളും അടിസ്ഥാനം മാറ്റാതെ മുന്നോട്ട് വെക്കാറുമുണ്ട്.
ആശയഭിന്നതകളെ ഉയർത്തിക്കാട്ടി ഒരു സമുദായം ഭിന്നിച്ചുനിൽക്കേണ്ട കാലമല്ല ഇത്. ചെറിയ കാര്യങ്ങളിൽ തർക്കിച്ചുനിൽക്കുന്നതിനു പകരം പൊതുവിഷയങ്ങളിൽ നമ്മൾ ഒന്നിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ നിലനിൽപാണ് പ്രധാനം എന്ന തിരിച്ചറിവാണ് എല്ലാ സംഘടനകൾക്കും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.