മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ടാക്സി യാത്ര സൗജന്യമാക്കാം
text_fieldsജിദ്ദ: ടാക്സി വാഹനങ്ങളിലെ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്രക്കാർക്ക് അതിൽ സൗജന്യമായി യാത്ര ചെയ്യാൻ അവകാശമുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി. ടാക്സിക്കൂലി കണക്കാക്കുന്നത് മീറ്റർ നോക്കി ആയിരിക്കണമെന്നും അത് പ്രവർത്തിപ്പിക്കേണ്ട ബാധ്യത ഡ്രൈവർക്കാണെന്നും അതോറിറ്റി വ്യക്തമാക്കി.
ഡ്രൈവർ മീറ്റർ പ്രവർത്തിപ്പിക്കാൻ തയാറല്ലെങ്കിൽ യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാൻ അവകാശമുണ്ട്. 199299 എന്ന ഏകീകൃത കാൾ സെന്ററിലൂടെ പരാതി സമർപ്പിക്കാം. ടാക്സിയിൽ ഇലക്ട്രോണിക് പേമെൻറ് സൗകര്യം ലഭ്യമല്ലെങ്കിൽ ടാക്സി നമ്പർ സഹിതം കുറിപ്പ് തയാറാക്കി 19929 എന്ന ഏകീകൃത കാൾ സെന്ററിലേക്ക് പരാതി അയക്കണമെന്നും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇലക്ട്രോണിക് പേമെൻറ് ഉപകരണങ്ങൾ, സൗജന്യ ഇന്റർനെറ്റ്, ഇലക്ട്രോണിക് സ്ക്രീൻ, കാമറ, ട്രാക്കിങ് ഉപകരണങ്ങൾ, ബിൽ പ്രിന്റ് എന്നിവ നിർബന്ധമായും ടാക്സി വാഹനങ്ങളിൽ ഉണ്ടായിരിക്കണം.
കാർ പ്രവർത്തന ആയുസ്സ് നിർമാണത്തീയതി മുതൽ അഞ്ചുവർഷം വരെ ആയിരിക്കുമെന്നും കൂടരുതെന്നും അതോറിറ്റി വ്യക്തമാക്കി.
പൊതു ടാക്സി ഡ്രൈവർമാർ, എയർപോർട്ട് ടാക്സി ഡ്രൈവർമാർ, ഫാമിലി ടാക്സി ഡ്രൈവർമാർ, പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷൻ ഡ്രൈവർമാർ, സ്വകാര്യ ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ഡ്രസ് കോഡ് നിർബന്ധമാണ്.
ഇത് ലംഘിക്കുന്നത് കണ്ടാൽ യാത്രക്കാരൻ അതോറിറ്റിയെ അറിയിക്കണം. ഡ്രൈവർമാരുടെ വേഷം ഏകീകരിക്കുക, സേവനങ്ങളുടെ നിലവാരം ഉയർത്തുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, പൊതുവായ രൂപം മെച്ചപ്പെടുത്തുക എന്നിവയാണ് യൂനിഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.