ലഹരിവേട്ട തുടരുന്നു; നിരവധി പേർ പിടിയിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി ലഹരിവേട്ട തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പിടിയിലായി. ലഹരിമരുന്നുകളുടെ ഇറക്കുമതിയും വ്യാപനവും തടയാനായി ശക്തമായ പരിശോധനകളാണ് രാജ്യത്തുടനീളം നടക്കുന്നത്. പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ലഹരിക്കേസിൽ പിടിക്കപ്പെടുന്നത്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് സെക്ടറിലെ അതിർത്തി സേന നാല് നിയമലംഘകരെ പിടികൂടി. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇവരിൽനിന്ന് 37 കിലോ ഹഷീഷ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ദമ്മാമിൽ ഷാബു എന്നറിയപ്പെടുന്ന മെത്താംഫെറ്റമിൻ മയക്കുമരുന്ന് വിൽപന നടത്തിയതിന് ഒരു ഈജിപ്ഷ്യൻ പൗരനും പിടിയിലായി. അൽ ജൗഫിൽ സക്കാക്കയിലെ ഫാമിൽനിന്ന് ഒരു ലക്ഷത്തോളം ലഹരിഗുളികകളാണ് നാർകോട്ടിക് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. ഇവിടെ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ച് വിപണനം നടത്തിവരുകയായിരുന്ന മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്തു. കൂടാതെ ഇവരിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. സൗദിയിലേക്കുള്ള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്. ലഹരിക്കേസിൽ പിടിക്കപ്പെടുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.