ജൂൺ പകുതിയോടെ പൊടിക്കാറ്റും ചൂടും ശക്തമാകുമെന്ന് സൂചന
text_fieldsയാമ്പു: സൗദിയിൽ കാലാവസ്ഥവ്യതിയാനത്തിെൻറ ഭാഗമായി ജൂൺ പകുതിയോടെ പൊടിക്കാറ്റും ചൂടും വർധിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ കിഴക്കൻ മേഖലയിലാണ് ഈ കാലാവസ്ഥമാറ്റം കൂടുതൽ പ്രകടമാകുകയെന്ന് അൽഖസീം സർവകലാശാലയിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ മുൻ പ്രഫസർ ഡോ.അബ്ദുല്ല അൽ മിസ്നദ് അഭിപ്രായപ്പെട്ടു. സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിച്ചു.
വടക്കു പടിഞ്ഞാറ് ഭാഗത്തെ പൊടിക്കാറ്റിെൻറ ശക്തി ജൂൺ പകുതി മുതൽ ജൂലൈ അവസാനം വരെ നീണ്ടുനിൽക്കുമെന്ന നിഗമനവും അദ്ദേഹം പങ്കുവെച്ചു. ഈ വർഷം ജൂൺ ഏഴുമുതൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചൂട് കൂടുന്ന കാലാവസ്ഥയായിരിക്കും പ്രകടമാകുക. ഈ അവസ്ഥ 40 ദിവസം വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.സൗദിയിൽ വിവിധ പ്രദേശങ്ങളിൽ ചൂടും മണൽക്കാറ്റും വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ.
നിർജലീകരണം തടയാനായി കൂടുതലായി വെള്ളം കുടിക്കുക, സൂര്യാഘാതം പ്രതിരോധിക്കാൻ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ എത്താതിരിക്കാൻ ശ്രദ്ധിക്കുക, ശരീരോഷ്മാവ് സുരക്ഷിതമായ തലത്തിൽ സൂക്ഷിക്കാൻ സാധ്യമാകുന്ന വസ്ത്രധാരണം സ്വീകരിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വാഹനങ്ങളുടെ സുരക്ഷക്ക് അവയുടെ വാട്ടർ ലെവൽ, കൂളിങ് ലെവൽ, ടയർ എന്നിവ ഇടക്ക് പരിശോധിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചൂട് കടുത്ത സാഹചര്യത്തിൽ പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
ചൂട് കൂടുന്ന കാലാവസ്ഥയിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കാനുള്ള മുൻ കരുതലുകൾ എടുക്കണം. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ തൊഴിലുടമകളുടെ പ്രഥമ കർത്തവ്യമാണ്. ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളിൽനിന്ന് അവർക്ക് സുരക്ഷ നൽകാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.