സാമൂഹിക പ്രവർത്തകരുടെ പ്രയത്നവും പ്രാർഥനയും വിഫലമായി; അമീർ ഹംസ വിടപറഞ്ഞു
text_fieldsദമ്മാം: പ്രവാസി സാമൂഹിക പ്രവർത്തകരുടെ ശ്രഫമലമായി ദമ്മാമിൽനിന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ച തിരുവനന്തപുരം, ആറ്റിങ്ങൽ, ആലംകോട് സ്വദേശി പണയിൽ വീട്ടിൽ അമീർ ഹംസ (55) തിരുവന്തപുരം മെഡിക്കൽ കോളജിൽ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച നാട്ടിലെത്തിച്ച ഇദ്ദേഹത്തെ ആദ്യം മിംസ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് വെന്‍റിലേറ്റർ സംവിധാനം മാറ്റുകയും അവസ്ഥയിൽ മാറ്റമുണ്ടാവുകയും ചെയ്തതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രതീക്ഷകൾക്കിടയിലാണ് അപ്രതീക്ഷിത മരണം. ജുബൈലിലെ ഒരു കമ്പനിയിൽ 30 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന അമീർ ഹംസ താമസസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്നുണ്ടായ ഹൃദയാഘാതവും പക്ഷാഘാതവും അവസ്ഥ ഗുരുതരമാക്കി.
ഇതോടെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇൻഷുറൻസ് പരിരക്ഷയും കമ്പനിയുടെ സഹായവും ലഭ്യമായതോടെ ചികിത്സ തുടരാൻ കഴിഞ്ഞെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എട്ടുമാസമാണ് വെന്‍റിലേറ്റർ സംവിധാനത്തിൽ സൗദിയിലെ ആശുപത്രിയിൽ കഴിഞ്ഞത്.
കൊല്ലം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി പുനയം സുധീർ ആശുപത്രിയിൽ സന്ദർശിച്ചതോടെയാണ് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ സജീവമായത്.
കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ മുന്നിൽ ഈ വിഷയം എത്തുകയും മഹ്മൂദ് പൂക്കാട്, ആഷിഖ് തൊടിയിൽ എന്നിവരുടെ ശ്രമം കൂടി ഉണ്ടായതോടെ വലിയ തുക മുടക്കി നാട്ടിലെത്തിക്കുകയായിരുന്നു. ഡോക്ടറും നഴ്സും വെന്‍റിലേറ്റർ സംവിധാനവും എല്ലാമൊരുക്കിയാണ് കഴിഞ്ഞ ശനിയാഴ്ച അമീർ ഹംസയെ നാട്ടിലെത്തിച്ചത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന് പരിചരണവുമായി ഒപ്പം നിന്ന സാമൂഹിക പ്രവർത്തകരെയും സങ്കടത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.