സൗജന്യങ്ങളുടെ തെരഞ്ഞെടുപ്പ് കാലം
text_fieldsരാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാതലായ മാറ്റങ്ങൾ പ്രകടമാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വർഗീയത മാത്രമായിരുന്നു മുഖ്യവിഷയം. എന്നാൽ വർഗീയതയേക്കാൾ വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും ഒരു കുത്തൊഴുക്കായിരുന്നു ഏറ്റവും അവസാനം രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രകടമായത്.
സൗജന്യ വൈദ്യുതി സൗജന്യ ബസ്യാത്ര മുതൽ പാചക വാതകത്തിന് വരെ വൻ സബ്സിഡി പ്രഖ്യാപിച്ചുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നത് ജനങ്ങളിൽ ഏറെ കൗതുകവും രാഷ്ട്രീയ പാർട്ടികളിൽ സമ്മർദവുമേറ്റി. അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനങ്ങൾക്കെതിരെ ബി.ജെ.പി കോടതിയെയും തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചത്.
ജനധിപത്യത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളിലേക്ക് ഇറങ്ങുന്ന രാഷ്ട്രീയ നേതൃത്വം മാറുന്ന സാഹചര്യത്തിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നുറപ്പ്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ ഓരത്തേക്ക് മാറ്റി നിർത്തപ്പെടുന്ന പൊതുജനത്തിന് തെരഞ്ഞെടുപ്പിലെ ഈ സൗജന്യകാലം ഏറെ അനുഗ്രഹമാകുമെന്നുറപ്പ്. ഇവിടെയാണ് നമ്മൾ കേരളത്തിലെ സാഹചര്യങ്ങളും വിലയിരുത്തേണ്ടത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ പോലും 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമാകുന്ന കാലത്ത് കേരളത്തിലും സൗജന്യങ്ങളുടെ തെരഞ്ഞെടുപ്പ് കാലം സമീപ ഭാവിയിൽ തന്നെ ഉണ്ടാവുമെന്ന് തന്നെയാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. അന്ധമായ രാഷ്ട്രീയ വിധേയത്തിനപ്പുറം പൊതുജനത്തിന് എന്തുണ്ട് നേട്ടം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയ ചുറ്റുപാടിലേക്കാണ് നമ്മളും നയിക്കപ്പെടുന്നത്.
സി.കെ. അഹമ്മദ് തേറളായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.