സൗഹൃദം എന്ന ഉൗർജം
text_fields'A friend in need is a friend indeed' എന്നത് ഒരു പഴമൊഴി മാത്രം അല്ലെന്ന് പലകുറി തെളിയിച്ചതാണ് എെൻറ പ്രിയ സുഹൃത്ത് നാസർ നന്നാട്ട്. ജിദ്ദയിൽ മാത്രമല്ല, സൗദിയിൽ മുഴുവനും നാട്ടിലും ഏറെ സൗഹൃദവലയമുള്ള ആളാണ് നാസർ നന്നാട്ട് എന്ന ആഞ്ഞിലങ്ങാടിക്കാരൻ. എല്ലായ്പോഴും നിറപുഞ്ചിരിയോടെ മാത്രം കാണുന്ന നാസർ, കണ്ടുമുട്ടുന്നവർക്കെല്ലാം ഒരു പോസിറ്റിവ് എനർജി പകരാതെ കടന്നുപോവാറില്ല.
ആത്മാർഥതയുടെയും കൃത്യനിഷ്ഠയുടെയും കാര്യത്തിൽ നാസർ ഏവർക്കും ഒരു പാഠപുസ്തകം തന്നെയാണ്. എെൻറ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ച വേറെയൊരു സൗഹൃദമില്ല. ജീവിതത്തിെൻറ ഗതിമാറ്റിയ നിർണായക തീരുമാനങ്ങളിലെല്ലാം സ്വാധീനംചെലുത്തിയ മനുഷ്യൻ. കോളജ് കാലഘട്ടം മുതൽ തുടങ്ങിയതാണ് ആ സൗഹൃദം.
അതിന് ശേഷം 35 വർഷമായി തുടരുകയാണ് ആ ബന്ധം. ഹൃദയംനിറയ്ക്കുന്ന സൗഹൃദത്തിനിടെ ഒരിക്കൽപോലും ഒരു സൗദര്യപ്പിണക്കത്തിനുപോലും ഇടവന്നില്ല എന്നതുതന്നെ അവെൻറ വ്യക്തിത്വത്തിെൻറ മാറ്റുകൂട്ടുന്നതാണ്. പലകുറി അടുപ്പത്തിെൻറ ആഴം അളക്കാൻ അവസരമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ആ സൗഹൃദത്തിെൻറ തിളക്കം കൂടിനിന്നതേയുള്ളൂ. എന്നാൽ, ജീവിതത്തിനും മരണത്തിനുമിടയിൽ പെട്ടുപോയ ഒരു നിർണായകഘട്ടത്തിലാണ് ശരിക്കും ആ സുഹൃദ് ബന്ധത്തിെൻറ വില ഞാൻ തിരിച്ചറിഞ്ഞത്.
ലോകത്ത് എല്ലായിടത്തും തീ കോരിയിട്ട കോവിഡ് എന്ന മഹാമാരി എെൻറ ജീവിതത്തെയും തലകീഴ് മറിച്ചിരുന്നു. അസുഖബാധിതനായി ഏറെ ദിവസങ്ങൾ ക്വാറൻറീനിൽ കഴിയേണ്ടി വന്നു. ശരിക്കും ഒറ്റപ്പെടലിെൻറ തീക്ഷ്ണാനുഭവങ്ങളുടെ നാളുകൾ. എന്നാൽ, എന്നെ അങ്ങനെ ഒറ്റക്കാവാൻ വിട്ടില്ല ആ പ്രിയപ്പെട്ട മിത്രം. പകൽ മാത്രമല്ല രാത്രിയിൽ പോലും ഏറെ വൈകിയും വന്ന് ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ഭക്ഷണവും മറ്റ് അത്യാവശ്യ വസ്തുക്കളും അവൻ എത്തിച്ചുതരുകയും ചെയ്തുകൊണ്ടിരുന്നു. വാതിലിനപ്പുറ്റം നേരിയ ഒരു വിളിക്കുപോലും ഉത്തരമായി അവനുണ്ട് എന്ന ധൈര്യം എനിക്ക് എത്ര വലിയ ആശ്വാസമായിരുന്നെന്നോ! വളരെ വേഗം സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്താൻ ആ സ്നേഹ സൗഹൃദസാന്നിധ്യം വലിയ സഹായമാണ് ചെയ്തത്. അവനെ തന്നെ അടുത്ത ജന്മത്തിലും തോഴനായി കിട്ടണേ എന്നാണ് പ്രാർഥന.
എം.എ. റഹ്മാൻ, ജിദ്ദ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.