ഉമറിന്റെ ഭരണത്തിൽ ഗാന്ധിജി കണ്ട മാതൃക
text_fields‘ഖുർആൻ ചരിത്രഭൂമികളിലൂടെ’ എന്ന യാത്രയുടെ ഭാഗമായി അമ്പതംഗ സംഘത്തിൽ ഉൾപ്പെട്ടാണ് നൈൽ നദിയുടെ തീരത്ത് എത്തിയത്. വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുള്ള നൈലിന്റെ തീരത്ത് ഒത്തിരി സന്തോഷത്തോടെ നിൽക്കുമ്പോൾ മനസിലൂടെ പല വിചാരങ്ങൾ മിന്നി മറിഞ്ഞു.
മൂസ പ്രവാചകനെ മാതാവ് ചെറുതൊട്ടിലിലാക്കി നദിയിലൊഴുക്കിയതും ഫറോവയുടെ ഭാര്യ ആസ്യബീവി അതെടുപ്പിച്ചതും അങ്ങനെ ശത്രുവിന്റെ വീട്ടിൽ തന്നെ മൂസ വളർന്നതുമൊക്കെ ഓർമയിൽ വന്നു.
എന്നാൽ ഇതിനേക്കാൾ തെളിമയോടെ മനസിൽ തെളിഞ്ഞത് പഠനകാലത്ത് കേട്ട ഒരു വേറിട്ട ചരിത്രമായിരുന്നു. എല്ലാവരും ആവർത്തിച്ച് ഉദ്ധരിക്കാറുള്ള സംഭവമാണ് ഉമറിന്റെ ഭരണം ഇന്ത്യയിൽ വരണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു എന്നത്.
എന്നാൽ ഗാന്ധിജി എന്ത് കൊണ്ടാണ് ഉമറിന്റെ ഭരണം അത്രമേൽ ആഗ്രഹിച്ചത് എന്നതിലേക്ക് ആരും കൂടുതൽ ശ്രദ്ധ കൊടുത്തതായി കണ്ടിട്ടില്ല. പഠനകാലത്ത് എന്റെ ഒരു അധ്യാപകൻ നൽകിയ ചരിത്ര യാഥാർഥ്യ വിശദീകരണമായിരുന്നു അതിനുള്ള ഉത്തരം.
അതറിയണമെങ്കിൽ ഖലീഫ ഉമറിന്റെ കാലത്തെ ഈജിപ്തിനെയും നൈൽ തീരത്തെ ജനതയുടെ ജീവിതത്തെയും അവിടത്തെ ഗവർണർ അംറുബ്നുൽ ആസ്സിന്റെ ഭരണത്തെയും കുറിച്ച് പറയണം.
ആ കാലത്ത് എല്ലാ വർഷവും കരകവിഞ്ഞൊഴുകി തീരങ്ങളെ ദുരിതത്തിലാക്കിയിരുന്ന നൈൽ നദിയുടെ ഉപദ്രവമൊഴിവാക്കാൻ ഈജിപ്തുകാർ ഏറ്റവും സുന്ദരിയായ കന്യകയെ മികച്ച വസ്ത്രങ്ങൾ ധരിപ്പിച്ചു, ആഭരണങ്ങൾ ധരിപ്പിച്ചു ആഘോഷങ്ങളോടെ നഗ്നയാക്കി കൊണ്ടുവന്ന് കഴുത്തറുത്ത് ചോര നൈലിലൊഴുക്കിയിരുന്നു.
വെള്ളം കയറി ബലി നൽകൽ നടപ്പാകുമ്പോഴേക്കും സമയം കുറച്ചുകഴിയും. അപ്പോൾ സാധാരണ പോലെ വെള്ളമിറങ്ങി പോകുന്നത് കണ്ടു ജനം വിശ്വസിക്കും ബലി നൽകിയത് കൊണ്ടാണ് വെള്ളമിറങ്ങിയതെന്ന്. എല്ലാ കാലത്തും നാടുകളിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പടരുന്നത് ഇങ്ങനെ തന്നെയാണല്ലോ.
അംറുബ്നുൽ ആസ് ഗവർണറായിരുന്ന കാലത്ത് അദ്ദേഹം ഈ ആചാരത്തെ തടഞ്ഞു. എന്നാൽ ജനങ്ങൾ പ്രശ്നമുണ്ടാക്കിയപ്പോൾ അദ്ദേഹം ഉമറിന് കത്തെഴുതി. ഉമർ മറുപടിയെഴുതി: ‘ആ പെൺകുട്ടിയെ മോചിപ്പിച്ച് കൊണ്ട് ഈ അനാചാരം അവസാനിപ്പിക്കുക.’ ഒമ്പതാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഇബ്നു അബ്ദുൽ ഹകം ‘ഈജിപ്തിന്റെയും മൊറോക്കോയുടെയും കീഴടക്കൽ’ എന്ന പുസ്തകത്തിൽ ‘നൈൽ’ എന്നതിനെക്കുറിച്ച് പറയുന്നിടത്ത് ഇതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
ഭർത്താവ് മരിച്ചാൽ സ്വയം ചാടുന്നില്ലെങ്കിൽ നിർബന്ധമായി ബന്ധുക്കൾ ജീവനോടെ അയാളുടെ ഭാര്യയെ ഭർത്താവിന്റെ ചിതയിലേക്കെടുത്തെറിയുന്ന സതിയും കന്യകകളെ ദേവാലയങ്ങൾക്ക് സമർപ്പിക്കുന്ന ദേവദാസി സമ്പ്രദായവും തുടങ്ങി സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശങ്ങൾ ചോദ്യം ചെയ്യപ്പെട്ട ഒരു കാലത്താണ് നൈലിന്റെ മണവാട്ടികളായി ബലിയർപ്പിക്കപ്പെടുമായിരുന്ന ഒരുപാട് കന്യകകളെ ബലിയറുക്കലിൽനിന്ന് മോചിപ്പിച്ച ഉമറിന്റെ ധീരമായ നടപടിയെ കുറിച്ച് വായിച്ചറിവുള്ള ഗാന്ധിജി, ഒരു നാടിന്റെ അനാചാരങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സ്ത്രീകളുടെ ജീവിക്കുവാനുള്ള അവകാശം തിരിച്ചുനൽകിയ ഉമറിന്റെ നീതി ബോധത്തെ തിരിച്ചറിഞ്ഞാണ് ‘ഇന്ത്യയിൽ ഉമറിന്റെ ഭരണം ഞാനാഗ്രഹിക്കുന്നു’ എന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.