സൗദി റിയാലിന്റെ വിനിമയ നിരക്കുയർന്നു
text_fieldsയാംബു: സൗദി റിയാലിന്റെ ഉയർന്ന മൂല്യം അനുകൂലമായ സാഹചര്യത്തിൽ രാജ്യത്തെ സഞ്ചാരികൾ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ട്. സൗദി റിയാൽ ആദ്യമായി അഞ്ച് ഈജിപ്ഷ്യൻ പൗണ്ട് (ഇ.ജി.പി) ആയി ഉയർന്ന ഘട്ടത്തിൽ ഈജിപ്തിലേക്കുള്ള സൗദി വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതായി ടൂറിസം മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഈജിപ്തിലേക്ക് അറബ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതായി ഈജിപ്ഷ്യൻ ഫെഡറേഷൻ ഓഫ് ടൂറിസം ചേംബേഴ്സ്, ചേംബർ ഓഫ് ടൂറിസം കമ്പനികളുടെ അറബ് ടൂറിസം കമ്മിറ്റി മേധാവി മുഹമ്മദ് തർവാത്ത് പറഞ്ഞു.
ഈജിപ്തിലേക്ക് വരുന്ന അറബ് വിനോദസഞ്ചാരികളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കൂടിവരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസ്റ്റുകളുടെ വരവ് വർധിച്ച സാഹചര്യത്തിൽ ഗ്രേറ്റർ കെയ്‌റോയിലെയും നോർത്ത് കോസ്റ്റിലെയും ഹോട്ടലുകളിലെ താമസനിരക്ക് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്തിലേക്ക് ഏറ്റവും കൂടുതൽ അറബ് വിനോദസഞ്ചാരികൾ എത്തുന്നത് സൗദിയിൽനിന്നാണ്. ഒരു വർഷം മുമ്പ് ഈജിപ്തിലേക്കുള്ള വിമാന സർവിസ് പുനരാരംഭിച്ചതിന് ശേഷം ഈജിപ്തിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്നതിൽ സൗദി അറേബ്യയാണ് അറബ് രാജ്യങ്ങളിൽനിന്ന് ഒന്നാം സ്ഥാനം വഹിക്കുന്നതെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.