'മെർസ്' ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി
text_fieldsജുബൈൽ: മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്ന വൈറസിന് എതിരായി സൗദി അറേബ്യ വികസിപ്പിച്ച വാക്സിെൻറ ആദ്യ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി. വാക്സിെൻറ സുരക്ഷയും രോഗപ്രതിരോധശേഷിയും നിർണയിക്കുന്നതാണ് ക്ലിനിക്കൽ പരീക്ഷണം.
ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ നാഷനൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല ഇൻറർനാഷനൽ മെഡിക്കൽ റിസർച്ച് സെൻററിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
2015ൽ റിസർച്ച് സെൻറർ ടീമും ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും സഹകരിച്ച് മെർസിനുള്ള വാക്സിൻ വികസിപ്പിച്ചാണ് പരീക്ഷണ നടപടികൾ ആരംഭിച്ചത്. പ്രതിരോധശേഷിയും ഫലപ്രാപ്തിയും തെളിയിക്കുന്നതിന് എലികളിലാണ് പരീക്ഷണം നടത്തിയത്.
തുടർന്ന് 'മെർസ്' വൈറസിനെതിരെ ഒട്ടകങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് ഉപയോഗിക്കേണ്ട വാക്സിെൻറ സുരക്ഷ, പ്രതിരോധശേഷി, ഫലപ്രാപ്തി എന്നിവ സംയുക്ത ഗവേഷണ സംഘം രണ്ടുവർഷത്തെ പഠനത്തിൽ വിശകലനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തു.
വാക്സിൻ സുരക്ഷിതമാണെന്നും ശക്തമായ പ്രതിരോധശേഷി നൽകുന്നതാണെന്നും തെളിയിക്കുന്ന ഫലങ്ങൾ അന്തർദേശീയ ശാസ്ത്ര ജേണലായ 'ലാൻസെറ്റി'െൻറ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'മെർസ്' പൊട്ടിപ്പുറപ്പെട്ട ശേഷം 2018 ജനുവരി 21നും മേയ് 31നും ഇടയിൽ സൗദി അറേബ്യയിൽ 23 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ജലദോഷം മുതൽ ഗുരുതര ശ്വസനരോഗം (അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) വരെ വരുത്താൻ ശേഷിയുള്ളതാണ് മെർസ്-കോവ് വൈറസ്.
2012ൽ സൗദി ജനതയിൽ കുറച്ചുപേരെ ഇത് ബധിച്ചതായി റിപ്പോർട്ടുണ്ട്. ഒട്ടകങ്ങളിൽ ഇൗ രോഗബാധ നേരത്തെ കണ്ടെത്തിയിരുന്നു.
തുടർന്നാണ് വാക്സിൻ ഉൽപാദിപ്പിക്കാനുള്ള പ്രാരംഭ നടപടി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.