സൗദിയിൽ ചിത്രീകരിച്ച ഫീച്ചർ സിനിമ 'സതി' റിലീസായി
text_fieldsറിയാദ്: ഇന്ത്യൻ പ്രവാസികൾ സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ സിനിമയായ 'സതി' യുടെ പ്രീമിയർ പ്രദർശനം വ്യാഴാഴ്ച രാത്രി റിയാദ് ഇന്ത്യൻ എംബസിയുടെ തിയറ്റർ ഹാളിൽ നടന്നു. മുഖ്യാതിഥികളായി ഇന്ത്യൻ അംബാസഡർ ഔസാഫ് സയീദ്, സൗദിയിലെ പ്രമുഖ സിനിമാ പ്രവർത്തകനായ റാബിയ അൽ നാസർ എന്നിവർ സന്നിഹിതരായ പ്രീമിയറിൽ ചിത്രത്തിലെ അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, ക്ഷണിക്കപ്പെട്ട പ്രേക്ഷകർ എന്നിവരും പങ്കെടുത്തു. വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഒക്ടോബർ ഏഴു മുതൽ ഇന്ത്യൻ സമയം വൈകീട്ട് ആറിന് സതി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇന്ത്യൻ സിനിമയാണ് വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ എന്ന് ഇന്ത്യൻ അംബാസഡർ ഔസാഫ് സയ്ദ് പ്രദർശനത്തിന് ശേഷം നടന്ന ചടങ്ങിൽ പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിലുടനീളം സഹകരിച്ച സൗദി സിനിമാപ്രവർത്തകനായ അൽ റാബിയയുടെ പിന്തുണക്കും നന്ദി അറിയിച്ചു. ചലച്ചിത്രപദ്ധതികളിൽ സൗദിയുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യൻ പ്രവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൃഷ്ടിപരമായ സർഗാത്മകതക്ക് കൂടുതൽ ചലനവും പ്രതീക്ഷകളും ഉണ്ടാവും. ഗോപൻ എസ്. കൊല്ലം സംവിധാനം ചെയ്ത ഈ ചിത്രത്തിെൻറ കഥയും തിരക്കഥയും ആതിര ഗോപൻ ആണ്. ഡ്യൂൺസ് മീഡിയയുടെ ബാനറിൽ ലിൻഡ ഫ്രാൻസിസും ഫ്രാൻസിസ് ക്ലമൻറുമാണ് ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.