ഫെഡറൽ സംവിധാനവും അധികാരങ്ങളും തകർക്കുന്നു -പ്രവാസി വെൽഫെയർ
text_fieldsറിയാദ്: രാജ്യത്തെ സംസ്ഥാന സർക്കാറുകളുടെ അധികാരങ്ങളും ഫെഡറൽ സംവിധാനങ്ങളും തകർക്കുന്ന രീതിയിലാണ് കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെന്ന് പ്രവാസി വെൽഫെയർ ലീഡേഴ്സ് മീറ്റ്. എൻ.ഐ.എയുടെ പുതിയ അവതാരങ്ങളും ഗവർണറുടെ അധികാര ദുർവിനിയോഗങ്ങളും ഇതിന്റെ ഭാഗമാണെന്നും യോഗം വിലയിരുത്തി. സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു.
ഫ്രറ്റേണിറ്റി കൊല്ലം ജില്ല സെക്രട്ടറി തൻസീർ ലത്തീഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഭരണകൂടത്തിന് അരോചകമാണെങ്കിൽ ആരെയും ദേശദ്രോഹത്തിന്റെ ചാപ്പകുത്തി തുറുങ്കിലടക്കുന്ന പ്രവണതയാണ് ഇന്ന് നടക്കുന്നതെന്നും കാർഷിക-വിദ്യാഭ്യാസ-സാമ്പത്തിക രംഗം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ആറര ലക്ഷം ഇന്ത്യൻ പൗരന്മാർ വിദേശത്തേക്ക് കുടിയേറി അവിടുത്തെ പൗരന്മാരായി. സാമ്പത്തിക രംഗത്ത് 1.3 കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.
നാട്ടിലെ ചെറുപ്പക്കാർ രാജ്യം വിടാനുള്ള മാനസികാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ മുഖാമുഖം പോരാടുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ജനാധിപത്യത്തിലും സാമൂഹിക നീതിയിലുമധിഷ്ഠിതമായ നമ്മുടെ ഭരണഘടന നിലനിർത്താൻ നാം രംഗത്തിറങ്ങണം. വീടുകൾ തകർത്തും ജയിലിലടച്ചും ദേശക്കൂറ്‍ ചോദ്യം ചെയ്തും സമരക്കാരെ നേരിടുന്ന ഫാഷിസ്റ്റുകൾക്ക് നേരെ വിജയം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ റിയാദ് ഘടകം ഭാവിപ്രവർത്തനങ്ങളെ കുറിച്ച് അഷ്‌റഫ് കൊടിഞ്ഞിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുറഹ്മാൻ മാറായി, അംജദ് അലി, ഫജ്ന ഷഹ്ദാൻ, ശിഹാബ് കുണ്ടൂർ, മേഖല കമ്മിറ്റിയംഗങ്ങളായ ഷമീർ തലശ്ശേരി, സാജിദ് ചേന്ദമംഗല്ലൂർ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഖലീൽ പാലോട് ചർച്ചകൾ സമാഹരിച്ച് പുതിയ സാധ്യതകളെ കുറിച്ച് സംസാരിച്ചു.
സെക്രട്ടറി ബാരിഷ് സ്വാഗതവും പ്രസിഡന്റ് സാജുജോർജ് സമാപന പ്രസംഗവും നിർവഹിച്ചു. അഫ്‌സൽ ഹുസൈൻ, കെ.കെ. അസ്‌ലം, സലീം മാഹി, എം.പി. ഷഹ്ദാൻ, സിദ്ദിഖ് ആലുവ, ജംഷിദ്, അഹ്ഫാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.