മയക്കുമരുന്ന് കച്ചവടക്കാരെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള പോരാട്ടം തുടരും -ആഭ്യന്തരമന്ത്രി
text_fieldsജിദ്ദ: മയക്കുമരുന്ന് കച്ചവടക്കാരെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള പോരാട്ടം തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് പറഞ്ഞു. റിയാദിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ സെൻട്രൽ ഓപറേഷൻസ് റൂമിലെ പ്രവർത്തനം വിലയിരുത്തുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്. മയക്കുമരുന്ന് കച്ചവടക്കാർക്കും കടത്തുകാർക്കുമെതിരെയുള്ള പോരാട്ടം ദൃഢനിശ്ചയത്തോടെ തുടരുകയാണ്.
മയക്കുമരുന്ന് കടത്തുകാരെയോ അതിന്റെ പ്രമോട്ടർമാരെയോ നമ്മുടെ യുവാക്കളെ ലക്ഷ്യംവെക്കാനോ സുരക്ഷയെ ഒരു തരത്തിലും തകർക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കിരീടാവകാശിയുടെ പിന്തുണയോടും മാർഗനിർദേശത്തോടുംകൂടിയാണ് കാമ്പയിൻ. ഇപ്പോൾ അത് ശൈശവാവസ്ഥയിലാണ്. എന്നാൽ, ഇതിലൂടെ വ്യക്തമായ ഫലം നേടിയെന്നും ആഭ്യന്തര മന്ത്രി സൂചിപ്പിച്ചു.
മയക്കുമരുന്ന് വിരുദ്ധ സുരക്ഷ കാമ്പയിനിൽ പങ്കെടുക്കുന്ന മേധാവികൾക്ക് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസ മന്ത്രി അറിയിച്ചു. മയക്കുമരുന്ന് തടയാൻ സുരക്ഷാസേന നടത്തുന്ന മഹത്തായ ശ്രമങ്ങളെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു.
മാതൃരാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലും മയക്കുമരുന്ന് ബാധയുടെ അപകടത്തിൽനിന്ന് അതിനെ സംരക്ഷിക്കുന്നതിലും സുരക്ഷാസേനയുടെ പങ്ക് പ്രശംസാർഹമാണ്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥർക്ക് ആശംസ അറിയിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മയക്കുമരുന്നിനെ ചെറുക്കുന്നതിന്റെ ഭാഗമായി കച്ചവടക്കാരെയും കടത്തുകാരെയും റിപ്പോർട്ട് ചെയ്യുന്നതിൽ പൗരന്മാരുടെ പങ്കിനെയും ആഭ്യന്തരമന്ത്രി പ്രശംസിച്ചു. എല്ലാവരുടെയും റിപ്പോർട്ടുകൾ കർശന രഹസ്യസ്വഭാവത്തിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കൈവരിച്ച സുരക്ഷാദൗത്യങ്ങളുടെ പ്രധാനപ്പെട്ട ഫലങ്ങൾ പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.