രഹസ്യ ബാലറ്റിലൂടെ പൊരിഞ്ഞ പോരാട്ടം; ദമ്മാം ഒ.ഐ.സി.സിയുടെ പുതിയ പ്രസിഡൻറായി ഇ.കെ. സലീം
text_fieldsദമ്മാം: ഒമ്പതു വർഷത്തിന് ശേഷം ദമ്മാമിലെ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം. ദീർഘകാലം സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഇ.കെ. സലീമാണ് പുതിയ പ്രസിഡന്റ്. രഹസ്യ ബാലറ്റിലൂടെ നടന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് വിജയം.
ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന വോട്ടെടുപ്പിൽ 106 വോട്ടിൽ 54 വോട്ട് നേടിയാണ് സലീം തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് ഏരിയാ കമ്മിറ്റികളിൽ നിന്നും 12 ജില്ലാ കമ്മിറ്റികളിൽ നിന്നുമുള്ള പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. മറ്റു സ്ഥാനാർഥികളായ സിറാജ് പുറക്കാട് 31 വോട്ടും ഹനീഫ് റാവുത്തർ 21 വോട്ടും നേടി. ഒ.ഐ.സി.സി നേതാക്കളായ റഷീദ് കൊളത്തറയും റഹ്മാൻ മുനമ്പത്തും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏറെക്കാലത്തിന് ശേഷം ദമ്മാം ഒ.ഐ.സി.സിക്ക് ജനാധിപത്യ മര്യാദകൾ പാലിച്ച് പുതിയ നേതൃത്വത്തെ കണ്ടെത്താൻ കഴിഞ്ഞതിനെ പ്രവർത്തകർ ഒന്നടങ്കം സ്വാഗതം ചെയ്തു.
നാട്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തന്നെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഏഴുവരെ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പ്രവർത്തകർ പങ്കാളികളായത്.
ഒ.ഐ.സി.സിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും എല്ലാവരെയും കൂട്ടിപ്പിടിച്ച് പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുമെന്നും പുതിയ പ്രസിഡൻറ് ഇ.കെ. സലീം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി മേഖലയിൽ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കും.
ജീവകാരുണ്യ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തും. ഒപ്പം കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവാസികൾക്ക് ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കാൻ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നെയ്യാറ്റിൻകര പൊഴിയുർ സ്വദേശിയായ സലീം 1997 മുതൽ പ്രവാസിയാണ്. ഐ.ഒ.സി.സിയുടെ അൽഖോബാർ യൂനിറ്റ് സെക്രട്ടറിയായി പ്രവർത്തനം തുടങ്ങിയ സലീം പിന്നീട് ‘ഇനോക്’ എന്ന സംഘടനയുടെ റീജനൽ സെക്രട്ടറിയായി. അന്ന് പല ഘടകങ്ങളായി പിരിഞ്ഞുനിന്ന കോൺഗ്രസ് സംഘടനയെ 2012ൽ ദമ്മാമിലെത്തിയ രമേശ് ചെന്നിത്തലയാണ് ഒ.ഐ.സി.സി എന്ന ഒറ്റ സംഘടനായി സംയോജിപ്പിച്ചത്.
സി. അബ്ദുൽ ഹമീദിനെ സമവായ പ്രസിഡൻറാക്കി മുന്നിൽ നിർത്തിയായിരുന്നു ദൗത്യം വിജയിപ്പിച്ചത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജു കല്ലുമല പ്രസിഡന്റായ കമ്മിറ്റി നിലവിൽ വന്നത്. ബിജു നിലവിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.