സിനിമാ വ്യവസായത്തിന് സൗദിയിൽ കഴിഞ്ഞ വർഷം 95 ശതമാനം വളർച്ച
text_fieldsജിദ്ദ: സൗദിയിൽ സിനിമാ വ്യവസായം കുതിച്ചുയരുന്നു. ബോക്സ് ഓഫിസിൽ മുൻവർഷത്തെ അപേക്ഷിച്ച് 95 ശതമാനം വളർച്ച നേടിയതായാണ് 2021ലെ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021ൽ 23.8 കോടി ഡോളർ മൊത്ത വരുമാനമാണ് സൗദി ബോക്സ് ഓഫിസ് നേടിയത്. 2020ൽ ഇത് 12.2 കോടി ഡോളറായിരുന്നു. 2021ൽ 13 കോടി ഡോളർ ബോക്സ് ഓഫിസ് വരുമാനം നേടിയ യു.എ.ഇയെ മറികടന്നാണ് പശ്ചിമേഷ്യയിലെതന്നെ സിനിമാശാലകളുടെ ഏറ്റവും വലിയ വിപണിയായി സൗദി അറേബ്യ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 2020ൽ 222 ചിത്രങ്ങളും 2021ൽ 340 ചിത്രങ്ങളുമായിരുന്നു പ്രദർശനത്തിന് രാജ്യത്ത് എത്തിയത്. 'വാഫെറ്റ് റെഗാല - എ മെൻസ് സ്റ്റാൻഡ്' എന്ന ഈജിപ്ഷ്യൻ കോമഡി ചിത്രമാണ് 1.5 കോടി ഡോളറിലധികം സമാഹരിച്ച് സൗദിയിൽ ഒന്നാം സ്ഥാനം നേടിയത്.
2018 ജനുവരിക്കുശേഷം തിയറ്ററുകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയായിരുന്നു ഇത്. ലോകത്ത് ഏറ്റവുമധികം ആളുകൾ വീക്ഷിച്ച ചിത്രമായ 'സ്പൈഡർമാൻ നോ വേ ഹോം' 1.12 കോടി ഡോളർ വരുമാനവുമായി രണ്ടാം സ്ഥാനത്തെത്തി. 91 ലക്ഷം ഡോളർ നേടിയ ക്രൈം കോമഡി സിനിമ 'ക്രുല്ല'യാണ് മൂന്നാം സ്ഥാനത്ത്. ബ്രിട്ടീഷ് സംവിധായകൻ ഗയ്റിച്ചിയുടെ 'വ്രാത്ത് ഓഫ് മാൻ' 83 ലക്ഷം ഡോളർ നേടി നാലാം സ്ഥാനത്തുമെത്തി. 2021ന്റെ തുടക്കത്തിൽ 33 തിയറ്ററുകളുണ്ടായിരുന്ന മൾട്ടി സ്ക്രീൻ സിനിമാശാലകളുടെ എണ്ണം 2021 ഡിസംബറോടെ 53 ആയി ഉയർന്നു. 2030ഓടെ സിനിമാ സ്ക്രീനുകളുടെ എണ്ണം 430 മുതൽ 2600 വരെയായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് നിക്ഷേപ മന്ത്രാലയത്തിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ബഹാ അബ്ദുൽ മജീദ് പറഞ്ഞു. അതനുസരിച്ച്, അടുത്ത ഏതാനും വർഷങ്ങളിൽ സൗദി അറേബ്യയിൽ സിനിമാ വ്യവസായത്തിൽനിന്നുള്ള വരുമാനം ഒരു വർഷത്തിൽ 100 കോടി ഡോളറായി മാറുമെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പി.ഡബ്ല്യു.സി) എന്ന കൺസൽട്ടിങ് സ്ഥാപനം വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.