സൗദിയിലെ ആദ്യ ക്രൂയിസ് വിനോദ കപ്പൽ യാത്ര തുടങ്ങി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ആദ്യ ക്രൂയിസ് വിനോദ കപ്പൽ യാത്ര തുടങ്ങി. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടാണ് ചെങ്കടലിലെ 'റഅ്സുൽ അബ്യളി'ലേക്ക് കപ്പൽ യാത്ര തിരിച്ചത്. 'സിൽവർ ക്രൂയിസ്' എന്ന കപ്പലിൽ 450 വിനോദ സഞ്ചാരികളാണുള്ളത്.'തനഫുസ്' വേനലവധിയാഘോഷത്തിെൻറ ഭാഗമായാണ് ചെങ്കടൽ കടൽതീരങ്ങളും ദ്വീപുകളും സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കി സൗദി ടൂറിസം വകുപ്പ് ആഡംബര കപ്പൽ യാത്ര ഒരുക്കിയത്. കപ്പലിൽ ഉൾക്കൊള്ളാവുന്നവരിൽ 75 ശതമാനം ആളുകളുണ്ടെന്ന് റെഡ് സീ ക്രൂയിസ് കപ്പൽ സ്ട്രാറ്റജി എക്സിക്യൂട്ടിവ് ഡയറക്ടർ ഗസാൻ ഖാൻ പറഞ്ഞു. 608 യാത്രക്കാരെ ഉൾക്കൊള്ളാൻ കപ്പലിന് ശേഷിയുണ്ട്. സമൂഹ അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ പാലിച്ചാണ് യാത്ര. ആഴ്ചയിൽ രണ്ടുതവണയെന്ന രീതിയിൽ സമ്മർ സീസണിൽ 16 തവണ കപ്പൽ സർവിസ് നടത്തും.
മൂന്നു രാത്രികൾ നീണ്ടുനിൽക്കുന്നതാണ് ഒരു യാത്ര. യാംബുവിലൂടെ പോയി ചെങ്കടലിലെ റഅ്സുൽ അബ്യളിലെത്തും. മൂന്നു രാത്രി കഴിച്ചുകൂട്ടിയ ശേഷം വീണ്ടും കിങ് അബ്ദുല്ല സിറ്റിയിലേക്ക് തിരിച്ചുവരും. രണ്ടാമത്തേത് നാലു രാത്രി നീണ്ടുനിൽക്കുന്ന യാത്രയാണ്. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽനിന്ന് പുറപ്പെട്ട് റഅ്സുൽ അബ്യളിലെത്തും. അവിടുന്ന് നിയോം മേഖലയിലേക്ക് പോകും. നിയോമിലെ അഖ്ബ കടലിനടുത്ത സിൻഡല ദ്വീപ് സന്ദർശിക്കും. വീണ്ടും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ തിരിച്ചെത്തും. ചെങ്കടലിലെ ദ്വീപുകളും പവിഴപ്പുറ്റുകളും കാണാൻ അവസരമുണ്ടാകുന്ന വിനോദയാത്ര രാജ്യത്തിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും വേറിട്ട അനുഭവമായിരിക്കും. 'വിഷൻ 2030'െൻറ ഭാഗമായി എണ്ണേതര വരുമാനം കൂട്ടുന്നതിെൻറ ഭാഗംകൂടിയാണ് ആഡംബര കപ്പൽ വിനോദയാത്ര. സെവൻ സ്റ്റാർ ഹോട്ടലുകൾ, എട്ട് ആഡംബര റസ്റ്റാറൻറുകൾ, വലിയ തിയറ്റർ, വിഡിയോ ഗെയിം ഏരിയ, നീന്തൽ കുളങ്ങൾ, ജിം ഹാൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതാണ് കപ്പൽ. കൂടാതെ കപ്പലിൽ നിരവധി വിനോദ, വിദ്യാഭ്യാസ, പര്യവേഷണ പരിപാടികൾ തുടങ്ങിയവ ആസ്വദിക്കാൻ മതിയായ ഇടം കപ്പലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.