ലിബിയക്ക് സഹായവുമായി സൗദിയിൽനിന്ന് ആദ്യ വിമാനം പുറപ്പെട്ടു
text_fieldsജിദ്ദ: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ആളുകൾക്ക് സഹായവുമായി സൗദിയുടെ ആദ്യ വിമാനം പുറപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ചയാണ് ബെൻഗാസി നഗരത്തിലെ ബെനീന അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി വിമാനം പറന്നുയർന്നത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് 90 ടൺ ഭക്ഷണവും പാർപ്പിട സൗകര്യവുമാണ് ആദ്യ വിമാനത്തിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രം (കെ.എസ് റിലീഫ് സെൻറർ) അയച്ചത്.
വരും ദിവസങ്ങളിൽ സഹായവുമായി കൂടുതൽ വിമാനങ്ങൾ ലിബിയയിലെത്തും. റിലീഫ് കേന്ദ്രത്തിൽനിന്നുള്ള പ്രത്യേക സംഘം ലിബിയൻ റെഡ് ക്രസൻറുമായി ഏകോപിപ്പിച്ചാണ് സഹായ വിതരണ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുക. കനത്ത കൊടുങ്കാറ്റിനെയും മഴയെയും തുടർന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങൾക്ക് കെ.എസ് റിലീഫ് കേന്ദ്രം വഴി രണ്ടുമാസം വരെ സഹായം എത്തിക്കും.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണിത്. ലിബിയയിലെ ദുരിതബാധിതരായ ജനങ്ങൾക്ക് സഹായം എത്തിക്കാൻ ഇരുവരും കെ.എസ് റിലീഫിന് നിർദേശം നൽകിയിരുന്നു. ലിബിയയിലേക്ക് ശനിയാഴ്ച മുതൽ സഹായം എത്തിക്കൽ തുടങ്ങിയിട്ടുണ്ടെന്നും ഭക്ഷണവും പാർപ്പിട സൗകര്യങ്ങളും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സഹായം രണ്ടു മാസത്തേക്ക് എത്തിക്കുന്നതെന്നും റിലീഫ് കേന്ദ്രം വ്യക്തമാക്കി.
സൗഹൃദ രാജ്യങ്ങൾ കടന്നുപോകുന്ന വിവിധ സാഹചര്യങ്ങളിലും ദുരിതങ്ങളിലും ഒപ്പം നിൽക്കാനുള്ള ഈ ഉദാരമായ മാർഗനിർദേശം സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും തുടർച്ചയായ പിന്തുണയുടെ വിപുലീകരണമാണെന്ന് കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ പറഞ്ഞു.
ലിബിയൻ റെഡ് ക്രസൻറും അവിടെ പ്രവർത്തിക്കുന്ന നിരവധി അന്താരാഷ്ട്ര മാനുഷിക സംഘടനകളുമായി ഏകോപിപ്പിച്ചാണ് ലിബിയയിലെ സഹോദര ജനതക്ക് കേന്ദ്രം സഹായം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കിഴക്കൻ ലിബിയയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ഡാനിയൽ ചുഴലിക്കാറ്റ് വിനാശകരമായ വെള്ളപ്പൊക്കമുണ്ടാക്കിയത്. ഏറ്റവും കൂടുതൽ ബാധിച്ചത് ഡെർന നഗരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.