യാത്രാസ്വപ്നങ്ങൾക്ക് ചിറക് മുളച്ചു; തിരുവനന്തപുരം-റിയാദ് സെക്ടറിൽ നേരിട്ടുള്ള ആദ്യവിമാനം പറന്നു
text_fieldsറിയാദ്: ഏറക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും തിരിച്ചും നേരിട്ടുള്ള ആദ്യ വിമാനം പറന്നു. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ വിമാനം റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രി 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എസ് 521-ാം നമ്പർ വിമാനം 10.20ന് റിയാദിൽ ലാൻഡ് ചെയ്തു. 10.40ന് ഇറങ്ങേണ്ട വിമാനം നിശ്ചിത സമയത്തിനും 20 മിനിറ്റ് മുമ്പ് ഇറങ്ങിയത് പ്രത്യേകതയുമായി. അന്നുതന്നെ രാത്രി 11.40ന് തിരികെ തിരുവന്തപുരത്തേക്കും പറന്നു.
നീണ്ട ഇടവേളക്കുശേഷമുള്ള നേരിട്ടുള്ള യാത്രയും സമയത്തിന് മുന്നേയുള്ള ലാൻഡിങ്ങും ടേക് ഓഫും യാത്രക്കാർക്ക് അത്ഭുതവും ആഹ്ലാദവും പകർന്നു. ആദ്യവിമാനം പറക്കുന്നതിന്റെ ആഹ്ലാദം പങ്കിടാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കിയ ചടങ്ങിൽ റിയാദിലേക്ക് കുടുംബസമേതം യാത്രക്കെത്തിയ ഷംനാസ് അയൂബിന്റെ മകൻ അർഹം ഷംനാസ് കേക്ക് മുറിച്ചു. റിയാദിലെ അൽ യാസ്മിൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കൻ ആകസ്മികമായി തനിക്ക് ലഭിച്ച അവസരത്തെ കളറാക്കി. മധുരം നുകർന്നുകൊണ്ടുള്ള ആദ്യയാത്ര അങ്ങനെ ആഘോഷമായി മാറി.
എല്ലാ തിങ്കളാഴ്ചയുമാണ് സർവിസ്. അതായത് ആഴ്ചയിൽ ഒരു സർവിസ് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തെക്കൻ ആലപ്പുഴ, ഭാഗികമായി കോട്ടയം, അയൽ സംസ്ഥാനത്തെ കന്യാകുമാരി, തിരുനെൽവേലി, ചെങ്കോട്ട, തെങ്കാശി, തൂത്തുക്കുടി, മധുര തുടങ്ങിയ ജില്ലകളിൽനിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ വിമാന സർവിസ്.
മറ്റ് രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങിയുള്ള ദുർഘടയാത്രയുടെ പ്രയാസത്തിനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വരവോടെ അറുതിയാവുന്നത്. നേരത്തേ എയർ ഇന്ത്യയും സൗദി എയർലൈൻസും ഈ സെക്ടറിൽ നേരിട്ട് സർവിസ് നടത്തിയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കാരണം സൗദി എയർലൈൻസ് സർവിസ് നിർത്തി. തുടർന്ന് എയർ ഇന്ത്യയും സർവിസ് അവസാനിപ്പിച്ചു. അതോടെ തിരുവനന്തപുരത്തിനും റിയാദിനുമിടയിൽ നേരിട്ടുള്ള വിമാനങ്ങൾ പൂർണമായും ഇല്ലാതെയായി.
ഇങ്ങനെ നാലുവർഷം നീണ്ട ബുദ്ധിമുട്ടുകൾക്കൊടുവിലാണ് നേരിട്ടുള്ള വിമാനമെന്ന ആശ്വാസം ഈ സെക്ടറിനെ ആശ്രയിക്കുന്ന പ്രവാസികൾക്ക് കൈവരുന്നത്. അഞ്ച് മണിക്കൂർ മാത്രമെടുക്കുന്ന യാത്രക്ക് പകരമാണ് കണക്ഷൻ വിമാനങ്ങളിൽ കറങ്ങിത്തിരിഞ്ഞ് പതിനഞ്ചും ഇരുപതും മണിക്കൂർ യാത്ര ചെയ്യേണ്ടിവന്നിരുന്നത്. ശ്രീലങ്കയിലും ഖത്തറിലും യു.എ.ഇയിലും കുവൈത്തിലും ഒമാനിലും മണിക്കൂറുകൾ തങ്ങിയുള്ള തീർത്തും ദുഷ്കരമായ യാത്രകളായിരുന്നു അതെല്ലാം.
യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായാൽ ആഴ്ചയിൽ ഒന്നെന്നത് മാറ്റി സർവിസ് വർധിപ്പിക്കുന്ന കാര്യം എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. സാധാരണ യാത്രക്കാരെക്കാൾ ഈ സർവിസ് പ്രയോജനപ്പെടുന്നത് വീൽചെയറിലും സ്ട്രെച്ചറിലും മാത്രം യാത്ര ചെയ്യേണ്ടിവരുന്ന രോഗികൾക്കാണ്. അതുപോലെ മൃതദേഹങ്ങൾക്കും.
കൂടുതൽ വിമാനങ്ങൾ സർവിസ് ആരംഭിക്കാൻ വേണ്ട പ്രോത്സാഹനം നൽകുന്നതിനും യാത്രക്കാരില്ലാതെ സർവിസ് അവസാനിപ്പിക്കേണ്ട അവസ്ഥ വരാതിരിക്കാനും തെക്കൻ കേരളത്തിലെ യാത്രക്കാർ പരമാവധി നേരിട്ടുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ തയാറാവണമെന്ന് സാമൂഹികപ്രവർത്തകൻ നിഷാദ് ആലങ്കോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.