കടൽ വഴി ആദ്യസംഘം എത്തി; ജിദ്ദ തുറമുഖത്ത് വിപുലമായ ഒരുക്കങ്ങൾ
text_fieldsജിദ്ദ: കടൽമാർഗം വിദേശ ഹജ്ജ് തീർഥാടകരെത്തിത്തുടങ്ങി. സുഡാനിൽ നിന്നുള്ള ആദ്യസംഘം വെള്ളിയാഴ്ച ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് കപ്പലിറങ്ങി. 1,519 തീർഥാടകരാണ് സംഘത്തിലുള്ളത്. തുറമുഖ ഡയറക്ടർ ജനറൽ എൻജി. മാജിദ് ബിൻ റാഫിദ് അൽഹർക്കോബിയും തുറമുഖ ഉദ്യോഗസ്ഥരും ചേർന്ന് പൂക്കളും സമ്മാനങ്ങളുമായി ഹാജിമാരെ സ്വീകരിച്ചു. ദൈവത്തിന്റെ അതിഥികളായ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും സൗകര്യങ്ങളും വളരെ ഉയർന്നനിലയിൽ ഒരുക്കിയതായി തുറമുഖ ജനറൽ അതോറിറ്റി മേധാവി ഉമർ ബിൻ തലാൽ ഹരീരി വിശദീകരിച്ചു. ഹാജിമാരുടെ എമിഗ്രേഷൻ നടപടികളും ലഗേജ് സ്വീകരിക്കുന്നതിനും അവ വേർതിരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
കപ്പലുകളുടെ പ്രവേശനവും പുറപ്പെടലും സുഗമമാക്കുന്നതിനായി അഞ്ച് ആഗമന, പുറപ്പെടൽ ഹാളുകൾ തുറമുഖത്തിന്റെ പാസഞ്ചർ ടെർമിനലിൽ ഉണ്ട്. തീർഥാടകരെ കപ്പലുകളിൽനിന്ന് ബസുകൾ വഴി മാരിടൈം കൺട്രോൾ ടവറിലെ പുതിയ റോഡിലൂടെ അറൈവൽ ഹാളുകളിലേക്ക് എത്തിക്കും. ഇതിനായി 19 ബസുകൾ പോർട്ടിലുണ്ട്.
അറൈവൽ ഹാളിൽ പാസ്പോർട്ട് വിഭാഗത്തിന്റെ നേരത്തേയുള്ള 20 കൗണ്ടറുകൾക്കുപുറമെ 54 കൗണ്ടറുകൾ അധികമായി ഒരുക്കിയിട്ടുണ്ട്. ബോർഡിങ് കാർഡുകൾ വിതരണം ചെയ്യുന്നതിനായി നിരവധി അധിക കൗണ്ടറുകൾകൂടി ചേർത്ത് ഡിപാർച്ചർ ഹാൾ പുനഃസജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ബാഗേജ് കൈകാര്യം ചെയ്യുന്നതിനും വിശാലമായ സ്ഥലസൗകര്യം ഏർപ്പെടുത്തി. സമയവും പ്രയത്നവും കുറയ്ക്കുന്നതിനായി നാല് ബോർഡർ ഗാർഡ് പരിശോധന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുറമുഖത്തിനുള്ളിൽ പ്രാഥമികാരോഗ്യ സേവനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. പ്രാഥമിക ശ്രുശൂഷകൾക്ക് മെഡിക്കൽ ഡിസ്പെൻസറിയുണ്ട്. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് വിപുലമായ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.