ഇറ്റലിയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം മദീനയിലെത്തി
text_fieldsജിദ്ദ: ഇറ്റലിയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം മദീനയിലെത്തി. ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ച ‘നുസ്ക് ഹജ്ജ്’ പ്ലാറ്റ്ഫോം പദ്ധതിക്ക് കീഴിലാണ് സംഘം എത്തിയത്. മദീന വിമാനത്താവളത്തിലെത്തിയ സംഘത്തെ സംസമും ഈത്തപ്പഴവും റോസാപ്പൂക്കളും നൽകി സ്വീകരിച്ചു. നുസ്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്ത തീർഥാടകരുടെ ആദ്യസംഘത്തിന്റെ വരവ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനവിജയത്തിന്റെയും എളുപ്പത്തെയുമാണ് സൂചിപ്പിക്കുന്നത്. നാലു മാസം മുമ്പാണ് ഹജ്ജിനായി ‘നുസ്ക് ഹജ്ജ്’ പ്ലാറ്റ്ഫോം ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചത്. വിഷൻ 2030 പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചത്.
യൂറോപ്പ്, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള 67 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇപ്പോൾ നുസ്ക് ഹജ്ജ് പ്ലാറ്റ്ഫോമിൽനിന്ന് സേവനം ലഭിക്കുക. ഹജ്ജ് രജിസ്ട്രേഷൻ, ഇലക്ട്രോണിക് പേമെൻറ് തുടങ്ങിയവ വേഗത്തിൽ പൂർത്തിയാക്കാനാക്കുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. താമസം, ഭക്ഷണം, വിമാന, ബസ് യാത്രകൾ എന്നീ സേവന പാക്കേജുകൾ തീർഥാടകർക്ക് തിരഞ്ഞെടുക്കാൻ കഴിയും. ഏഴ് അന്താരാഷ്ട്ര ഭാഷകളിൽ പ്ലാറ്റ്ഫോം സേവനങ്ങളും വിവരങ്ങളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.