കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി
text_fieldsമദീന: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ എത്തി. ശനിയാഴ്ച ഉച്ചക്ക് 12ഓടെ മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഹാജിമാരെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
പൂക്കളും മധുരപലഹാരങ്ങളും നൽകിയാണ് ഊഷ്മളമായി സ്വീകരിച്ചത്. 196 സ്ത്രീകളുൾപ്പെടെ 377 തീർഥാടകരാണ് നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഹാജിമാർ ഹോട്ടലുകളിലെ താമസസൗകര്യങ്ങളിലേക്ക് പോയി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള താമസ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണങ്ങൾക്ക് ശേഷം മദീനാസന്ദർശനം പൂർത്തിയാക്കും.
മദീനയിലാണ് ഈ വർഷത്തെ വിദേശത്തുനിന്നുള്ള ആദ്യ ഹജ്ജ് സംഘം എത്തിയത്. ഇന്തോനേഷ്യയിൽ നിന്നുള്ള 400 ഓളം തീർഥാടകരായിരുന്നു ആദ്യ സംഘത്തിൽ. 10 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ ഒന്നരലക്ഷം സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകരാണ്. ഇന്ത്യയിൽനിന്ന് എത്തുന്നത് 79362 ഹാജിമാരാണ്. ഇതിൽ 70 ശതമാനവും ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് വരുന്നത്.
5758 മലയാളി ഹാജിമാർക്കാണ് ഇത്തവണ അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 2056 പുരുഷന്മാരും മഹറമില്ലാത്ത വിഭാഗം ഉൾപ്പടെ 3702 സ്ത്രീകളുമാണ് ഉള്ളത്. അവസാന മലയാളി തീർഥാടക സംഘം ജൂൺ 16നാണ് എത്തുക. കോവിഡ് മുൻകരുതലുകൾ ഭാഗമായും തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഹജ്ജ് ഉംറ മന്ത്രാലയത്തിനു കീഴിൽ ഇത്തവണ ഹാജിമാർക്കായി ഒരുക്കിയിട്ടുള്ളത്. ഹാജിമാരെ സ്വീകരിക്കാനായി മക്കയും മദീനയും അടക്കമുള്ള പുണ്യകേന്ദ്രങ്ങൾ അണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു.
സുരക്ഷിതമായ ഹജ്ജ് ഒരുക്കി ഹാജിമാരെ യാത്രയാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പഴയപടി പൂർണ അർത്ഥത്തിലുള്ള ഹജ്ജിനായി പ്രതീക്ഷയോടെയും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് വിശ്വാസി ലോകം.
ഈ വർഷത്തെ ഹജ്ജിന് അടുത്ത മാസം രണ്ടാംവാരം തുടക്കമാവുകയാണ്. രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഹജ്ജിനായി യാത്ര തിരിക്കുന്നത്. മഹാമാരിയും കടന്നു നല്ല നാളുകൾ വരുന്ന പ്രതീക്ഷയിലാണ് ലോകവും വിശ്വാസികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.