മഹ്‌റം ഇല്ലാതെ ഹജ്ജിനെത്തുന്ന മലയാളി വനിതാ തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി
text_fieldsമക്ക: ആൺ തുണയില്ലാതെ (മഹ്‌റം) എത്തുന്ന വനിതാ തീർത്ഥാടകരുടെ ആദ്യ മലയാളി സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് കരിപ്പൂരിൽ നിന്ന് വനിതകൾ മാത്രമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 8:45നാണ് ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഒരു വളണ്ടിയർ ഉൾപ്പെടെ 166 വനിതാ തീർത്ഥാടകരാണ് വിമാനത്തിൽ യാത്ര ചെയ്തത്. ജിദ്ദയിൽ നിന്നും ഇവരെ ഹജ്ജ് സർവീസ് കമ്പനികളൊരുക്കിയ നാല് ബസുകളിലായി മക്കയിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇവർ മക്ക അസീസിയയിലെ താമസസ്ഥലത്ത് എത്തിയത്. അസീസിയിലെ മഹത്വത്തിൽ ബങ്ക്ൽ ബ്രാഞ്ച് നാലിലെ 186 ആം നമ്പർ ബിൽഡിങ്ങിലാണ് ഇവർക്ക് താമസം ഒരുക്കിയിരുന്നത്. നാട്ടിൽ നിന്നെത്തിയ വനിതാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ തന്നെ ഇവരെ മസ്ജിദുൽ ഹറാമിലെത്തിച്ചു ഉംറ ചെയ്യിപ്പിച്ചു.
മഹ്‌റം ഇല്ലാതെ എത്തിയ ആദ്യ മലയാളി വനിതാ തീർത്ഥാടക സംഘത്തിന് ജിദ്ദ വിമാനത്താവളത്തിലും മക്കയിലെ താമസ സ്ഥലത്തും ഇന്ത്യൻ ഹജ്ജ് മിഷന്റെയും വിവിധ സന്നദ്ധ സംഘടനകളിലെ വനിതകൾ ഉൾപ്പെടെയുള്ള വളണ്ടിയർമാരുടെയും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇവരെ സ്വീകരിക്കാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിന് സന്നദ്ധ വളണ്ടിയർമാർ നേരത്തെ തന്നെ മക്ക അസീസിയയിൽ ഇവർക്കൊരുക്കിയ താമസ ബിൽഡിങ്ങിനു മുന്നിൽ തമ്പടിച്ചിരുന്നു. ഹാജിമാരെത്തിയതോടെ സ്വാഗത ഗാനമാലപിച്ചും പൂക്കളും വിവിധ ഭക്ഷണങ്ങളും പാനീയങ്ങളും നൽകിയും അവർ സ്വീകരിച്ചു. ഒറ്റക്ക് ഹജ്ജിനെത്തുന്ന ആശങ്കയോടെ എത്തിയ വനിതാ തീർത്ഥാടകർ അപ്രതീക്ഷിതമായി ലഭിച്ച വരവേൽപ്പിൽ സ്വന്തം നാട്ടിലെത്തിയ പ്രതീതിയിലായി.
5,000 മഹറമില്ലാത്ത തീർത്ഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നത്. ഇതിൽ 3,600 തീർത്ഥാടകരും കേരളത്തിൽ നിന്നുമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഈ വിഭാഗത്തിലുള്ള വനിതാ തീർത്ഥാടകർ നേരത്തെ തന്നെ മക്കയിലെത്തിയിരുന്നു. ഇത്തരത്തിൽ ഹജ്ജിനെത്തിയ വനിതാ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ എല്ലാം പ്രത്യേകമാണ്. അസീസിയയിലെ നാലാം നമ്പർ ബ്രാഞ്ച് വനിതകൾക്ക് മാത്രമായി നിശ്ചയിച്ചിരിക്കുകയാണ്. വനിതകൾക്ക് മാത്രമായി ബസ് സർവീസ്, പ്രത്യേകം ആശുപത്രി, ഡിസ്പെൻസറി എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. താമസ കെട്ടിടത്തിൽ സുരക്ഷയുറപ്പാക്കാനായി 24 മണിക്കൂറും സെക്യൂരിറ്റിയും ഇവർക്കായി ഉണ്ട്. ഇവരെ പരിചരിക്കാനായി പ്രത്യേക വനിതാ വളണ്ടിയർമാരും നാട്ടിൽ നിന്ന് എത്തിയിട്ടുണ്ട്. കൂടാതെ മക്കയിലെ വിവിധ മലയാളി സന്നദ്ധ സംഘടനകൾ പ്രത്യേകം വനിത വളണ്ടിയർ വിങ്ങും ഇവരുടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും റെക്കോർഡ് എണ്ണമാണ് ഇത്തവണ മഹ്‌റമില്ലാതെ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. ഈ മാസം 28 വരെ 12 വിമാനങ്ങളാണ് സ്ത്രീ തീർഥാടകർക്കു മാത്രമായി കേരളത്തിൽ നിന്നും ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.