മഹ്‌റം ഇല്ലാതെ എത്തുന്ന വനിതാ തീർഥാടകരുടെ ആദ്യ സംഘം ഇന്നെത്തും
text_fieldsമക്ക: മഹ്‌റം (ആൺ തുണ) ഇല്ലാതെ ഇന്ത്യയിൽ നിന്നു ഹജ്ജിനെത്തുന്ന ആദ്യസംഘം തീർഥാടകർ ഇന്ന് രാത്രി ജിദ്ദയിലെത്തും. വൈകീട്ട് അഞ്ചു മണിക്ക് കരിപ്പൂരിൽനിന്ന് പുറപ്പെട്ട 166 വനിതാ തീർഥാടകർ അടങ്ങുന്ന ആദ്യ സംഘം രാത്രി 8:45ന് ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങും. ഇവരുടെ സേവനത്തിനായി ഒരു വനിത വളന്‍റിയറും യാത്രയിൽ അനുഗമിക്കുന്നുണ്ട്. ജിദ്ദയിലെത്തിയത് മുതൽ മഹറമില്ലാതെ എത്തുന്ന തീർഥാടകർക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജിദ്ദ ഹജ്ജ് ടെർമിനലിൽ നിന്ന് ഹജ്ജ് സർവിസ് കമ്പനി ഒരുക്കുന്ന ബസ്സുകളിൽ ഇവരെ മക്കയിലെത്തിക്കും. അസീസിയിലെ മഹത്വത്തിൽ ബങ്കിലെ ബ്രാഞ്ച് നാല്, ബിൽഡിങ് നമ്പർ 186 ലാണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത്. നാലാം ബ്രാഞ്ച് മഹറമില്ലാതെ എത്തുന്ന ഹാജിമാർക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്നതാണ്. ഇവിടെ പ്രത്യേകം കെട്ടിടങ്ങളിലാണ് ഇവർക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഡിസ്പെൻസറിയും ആശുപത്രിയും എല്ലാം ഇവിടെ സ്ത്രീകൾക്കു മാത്രമായുള്ളതാണ്. 5,000 മഹറമില്ലാത്ത തീർഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നത്. ഇതിൽ 2,000 ത്തിലേറെ തീർഥാടകർ കേരളത്തിൽ നിന്നാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ വിഭാഗത്തിലുള്ള വനിതാ തീർഥാടകർ നേരത്തെ തന്നെ മക്കയിലെത്തിയിരുന്നു.
വനിത ഹാജിമാരെ സ്വീകരിക്കാൻ മക്കയിലെ സന്നദ്ധ സംഘടനകൾ വനിതാ വളന്‍റിയർമാരെ തയാറാക്കിയിട്ടുണ്ട്. ഇവരെ സ്വീകരിക്കാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി. മഹറമില്ലാതെ ജിദ്ദ വഴി എത്തുന്ന ഇവരുടെ മടക്കം ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനവും പൂർത്തിയാക്കി മദീന വഴിയായിരിക്കും. ഈ മാസം 28 വരെ 12 വിമാനങ്ങളാണ് സ്ത്രീ തീർഥാടകർക്കു മാത്രമായി കേരളത്തിൽ നിന്നും ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.