ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ
text_fieldsമദീന: സൗദിയിലേക്കുള്ള ഹജ്ജ് വിമാന സർവിസുകളാരംഭിച്ച ആദ്യ ദിനമായ ഞായറാഴ്ച തന്നെ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരും മദീനയിലെത്തി. ഉച്ചയോടെ 256 തീർഥാടകരുമായി ജയ്പൂരിൽ നിന്നുള്ള സംഘമാണ് ആദ്യം മദീന വിമാനത്താവളത്തിലെത്തിയത്. സംഘത്തെ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പൂക്കളും ഈത്തപ്പഴവും മധുരവും നൽകി സ്വീകരിച്ചു.
അഞ്ച് വിമാനങ്ങളിലായി 1,400ഓളം തീർഥാടകർ ഇന്ന് മദീനയിലെത്തി. കൊൽക്കത്തയിൽനിന്ന് രണ്ടു വിമാനങ്ങളിലായി 622 പേരും ലഖ്നോവിൽനിന്ന് രണ്ട് വിമാനങ്ങളിലായി 586 പേരുമാണ് മദീനയിലെത്തിയത്. ഡൽഹി, കൊൽക്കത്ത, ലഖ്നോ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നായി ഒമ്പത് ഹജ്ജ് വിമാനങ്ങൾ വഴി 3,100ഓളം തീർഥാടകർ തിങ്കളാഴ്ച മദീനയിലെത്തും. മദീനയിലെത്തുന്ന തീർഥാടകർ ഇവിടെ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിക്കും.
ഇന്ത്യയിൽനിന്ന് ഇത്തവണ 1,75,025 തീർഥാടകരാണ് ഹജ്ജിനെത്തുക. ഇവരിൽ 1,40,020 പേർ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമായിരിക്കും പുണ്യഭൂമിയിലെത്തുക. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ജൂൺ ആദ്യ വാരത്തിൽ ജിദ്ദ വിമാനത്താവളത്തിലാണ് എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.