അൽഉലയിൽ ആദ്യ അന്താരാഷ്ട്ര വിമാനമിറങ്ങി
text_fieldsഅൽഉല: സൗദിയിൽ ഒരു വിമാനത്താവളത്തിനുകൂടി അന്താരാഷ്ട്ര പദവി ലഭിച്ചു. വടക്കുപടിഞ്ഞാറന്‍ സൗദിയിലെ അൽഉല പുരാതന നഗരത്തിൽ സ്ഥാപിച്ച അമീർ അബ്ദുൽ മജീദ് വിമാനത്താവളത്തിൽ ആദ്യമായി അന്താരാഷ്ട്ര വിമാനമിറങ്ങി. ദുബൈയിൽ നിന്നെത്തിയ ഫ്ലൈ നാസ് വിമാനത്തെ അൽഉല രാജ്യാന്തര വിമാനത്താവളത്തിൽ പരമ്പരാഗത ജലപീരങ്കി സല്യൂട്ട് നൽകി വിമാനത്താവള അധികൃതരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നബാത്തിയൻ സാംസ്കാരിക പ്രകടനത്തോടെ സ്വീകരിച്ചു.
ഫ്ലൈ നാസിെൻറ എക്സ്.വൈ 219 നമ്പർ വിമാനം രാവിലെ 11.30ന് ദുബൈയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് 1.40ന് അൽഉലയിൽ എത്തി. വിമാനത്താവള ഡയറക്ടർ അബ്ദുൽ വഹാബ് ബുഖാരി, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ, ഫ്ലൈ നാസ് പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് യാത്രാസംഘത്തെ സ്വീകരിച്ചു. വിവിധ കലാകാരന്മാരും പരമ്പരാഗത സംഗീതജ്ഞരും യാത്രക്കാർക്ക് പൂക്കളും ലഘുഭക്ഷണങ്ങളും നൽകി സ്വീകരിച്ചു. അല്‍ഉല വിമാനത്താവളത്തിൽ അന്താരാഷ്ട്ര സർവിസുകള്‍ ആരംഭിക്കാന്‍ മാസങ്ങൾക്കുമുമ്പ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരുന്നു.
അടുത്തകാലത്താണ് അല്‍ഉല വിമാനത്താവളത്തിൽ വൻ വികസനപദ്ധതികള്‍ നടപ്പാക്കിയത്. സൗദിയിലെ വികസിച്ചുവരുന്ന വിനോദസഞ്ചാര കേന്ദ്രം എന്നനിലക്ക് അൽഉലയിലേക്കുള്ള വിമാന സർവിസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധന മുന്നിൽക്കണ്ട് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും അല്‍ഉല റോയല്‍ കമീഷനും സഹകരിച്ചാണ് വികസന പദ്ധതികള്‍ നടപ്പാക്കിയത്. വർഷത്തിൽ നാലുലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിൽ വിവിധ വികസന പദ്ധതിയിലൂടെ വിമാനത്താവളത്തിെൻറ ആകെ വിസ്തൃതി 24 ലക്ഷം ചതുരശ്ര മീറ്ററായി ഉയർത്തിയിട്ടുണ്ട്.
അൽഉല റോയൽ കമീഷൻ ചെയർമാനായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സമാരംഭിച്ച 'ജേർണി ത്രൂ ടൈം' എന്ന മാസ്റ്റർപ്ലാനിലൂടെ 2035ഓടെ പ്രതിവർഷം 20 ലക്ഷം സന്ദർശകരെ സ്വീകരിക്കാനുതകുന്ന വികസനപ്രവർത്തനങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കുന്നത്. 'ലോകത്തിലെ ഏറ്റവും വലിയ ലിവിങ് മ്യൂസിയം' എന്നപേരിൽ അറിയപ്പെടുന്ന അൽഉല അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നാണ്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾ അടങ്ങിയ ഈ നഗരം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.